Kerala News
ചാനല്‍ വെളിപ്പെടുത്തല്‍: എം.കെ രാഘവന്‍ എം.പിക്കെതിരെ കൈക്കൂലിക്ക് വിജിലന്‍സ് കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 24, 09:36 am
Tuesday, 24th November 2020, 3:06 pm

കോഴിക്കോട്: എം.കെ രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണം, ലോക് സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചെലവഴിച്ചെന്ന വെളിപ്പെടുത്തല്‍ എന്നിവയിലാണ് അന്വേഷണം.

കൈക്കൂലി കേസില്‍ ലോക് സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നാണ് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്.

2019ലെ ലോക്‌സഭാ പ്രചാരണ വേളയിലാണ് ആണ് എം. കെ രാഘവനെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നത്. ടിവി 9 എന്ന ചാനലാണ് സ്റ്റിങ് ഓപറേഷനിലൂടെ എം.കെ രാഘവന്റെ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്.

ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാന്‍ സഹായിക്കണം ആവശ്യവുമായി എം.കെ രാഘവനെ സമീപിച്ച മാധ്യമ സംഘത്തോട് അഞ്ച് കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എം.കെ രാഘവന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.

അഞ്ച് കോടി രൂപ ദല്‍ഹി ഓഫീസില്‍ എത്തിക്കാനും എം.പി ആവശ്യപ്പെട്ടിരുന്നു. 2014 തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളിക്യാമറ ദൃശ്യങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

എന്നാല്‍ കേസന്വേഷണത്തിന് ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമ വകുപ്പിന്റെ നിലപാട്. എന്നാല്‍ ഇത് ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vigilance enquiry against MK Raghavan MP