കള്ളപ്പണം വെളുപ്പിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി മാറ്റിയെന്ന് വിജിലന്‍സ്; പാലാരിവട്ടം പാലം അഴിമതിക്കേസിലെ പണമാണോ എന്ന് അന്വേഷണം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി മാറ്റിയെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വിജിലന്‍സ് അറിയിച്ചു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട പണമാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്നും ലഭിച്ച തുക, വെളുപ്പിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചുള്ള ഹരജി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് വിജിലന്‍സിന്റെ വിശദീകരണം.
പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടി രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
2016 നവംബര്‍ 16നാണ് ചന്ദ്രികയുടെ രണ്ടു അക്കൗണ്ടുകളിലേയ്ക്ക് 10 കോടി രൂപ എത്തിയതെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നും അതിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണെന്നും വിജിലന്‍സ് അറിയിച്ചു.
അതേസമയം, കേസ് വിജിലന്‍സിന്റെ പരിധിയില്‍ മാത്രം വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. പാലാരിവട്ടം പാലത്തിന്റെ അഴിമതി കൂടി ഉള്‍പ്പെടുന്ന കേസായതുകൊണ്ട് വിജിലന്‍സിന്റെ എന്‍ഫോഴ്‌സ്‌മെന്റിനെ അന്വേഷണം ഏല്‍പ്പിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കക്ഷി ചേരണമെന്നും കോടതി നിര്‍ദേശിച്ചു. വിധി പറയാന്‍ ഹരജി ബുധനാഴ്ചത്തേയ്ക്ക് മാറ്റി.