Mollywood
'അഭിനയമോഹവുമായി ഇനി മലയാളത്തിലേക്ക് ഇല്ല, രാശിയില്ലാത്തവള്‍ എന്ന പേര് കേള്‍ക്കാന്‍ താല്പര്യമില്ല'; വിദ്യാബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Feb 02, 01:28 pm
Friday, 2nd February 2018, 6:58 pm

 

മുംബൈ: അഭിനയം തുടങ്ങാന്‍ ആഗ്രഹിച്ചതും അങ്ങനെ സംഭവിച്ചതും കമല്‍ സാറിന്റെ സിനിമയിലാണ്. എന്നാല്‍ ചിത്രം വെളിച്ചം കണ്ടില്ല. തമിഴില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. അപ്പോഴേക്കും രാശിയില്ലാത്തവള്‍ എന്ന പേരും കിട്ടിയെന്ന് വിദ്യാബാലന്‍. മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്നും ഈ ബോളിവുഡ് താരം അറിയിച്ചിരിക്കുകയാണ്.

മാധവിക്കുട്ടിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി കമല്‍സംവിധാനം ചെയ്ത ആമി ചിത്രത്തില്‍ മാധവിക്കുട്ടിയായി വിദ്യാ ബാലന്‍ എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് അവര്‍ പിന്‍മാറിയെന്ന വാര്‍ത്തകളും വന്നിരുന്നു.

സംവിധായകന്‍ കമല്‍ വിദ്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. അതിനു മറുപടിയുമായാണ് വിദ്യയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

” താനാണ് ചെയ്യുന്നതെങ്കില്‍ അഞ്ചുവര്‍ഷം വരെ കാത്തിരിക്കാമെന്ന് കമല്‍ പറഞ്ഞിരുന്നതായി വിദ്യ പറയുന്നു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് മാധവിക്കുട്ടി. അവരുടെ ജീവിതം കമല്‍ സാറിന്റെ സിനിമയിലൂടെ തന്നെയാവട്ടെയെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും വിദ്യ പറഞ്ഞു.

എന്നാല്‍ പിന്നീട് സിനിമയില്‍ നിന്ന് വിദ്യ പിന്മാറുകയാണുണ്ടായത്. ഇതിനുള്ള കാരണം ഒറ്റവാക്കില്‍ പറയാന്‍ കഴിയില്ലെന്നും ഇനിയും മലയാളത്തില്‍ സിനിമ ചെയ്യാന്‍ താല്പര്യമില്ലെന്നും വിദ്യ പറഞ്ഞു. രണ്ടു പ്രാവശ്യം മലയാളത്തില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതാണ് കാരണമെന്നും അവര്‍ വ്യക്തമാക്കി.