ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ബെംഗളുരുവിന്റെ തട്ടകമായ ചിന്നസ്വാമിയിലാണ് മത്സരം.
സീസണിലെ ആദ്യ ഹോം വിജയം കൊതിച്ച് ബെംഗളൂരു ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ഉന്നമിട്ടാണ് രാജസ്ഥാന്‍ പോരാട്ടത്തിനൊരുങ്ങുന്നത്. എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയുമായാണ് രജത് പാടിദാറിന്റെ സംഘമെത്തുന്നത്. അതേസമയം, രാജസ്ഥാന്‍ സീസണില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ഉള്ളത്.
ദല്‍ഹിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്നും രാജസ്ഥാന്‍ നിരയിലുണ്ടാവില്ല. ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിലും കളിക്കാതിരുന്ന നായകന്‍ ഈ മത്സരത്തിലും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. താരത്തിന്റെ അഭാവത്തില്‍ യുവതാരം റിയാന്‍ പരാഗാണ് ടീമിനെ നയിക്കുക.
ഇപ്പോള്‍ ബെംഗളൂരുവുമായുള്ള മത്സരത്തെ കുറിച്ചും സഞ്ജു സാംസണില്ലാത്ത രാജസ്ഥാനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആര്‍.ആറും ആര്‍.സി.ബിയും തമ്മിലുള്ളത് ഒരു റോയല്‍ പോരാട്ടമാണെന്നും സഞ്ജു ഇല്ലായെന്നതാണ് ഈ റോയല്‍ ടീമുകളുടെ ലളിതമായ കഥയെന്നും ചോപ്ര പറഞ്ഞു.
സഞ്ജു ഇല്ലാത്തപ്പോള്‍ രാജസ്ഥാന്‍ ടീം ക്ഷീണിച്ചതെന്നും ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ കഴിയാത്ത ടീം താരമില്ലാതെ കൂടുതല്‍ ബുദ്ധിമുട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘ഇതൊരു റോയല്‍ പോരാട്ടമാണ് – ആര്‍.സി.ബി vs ആര്‍.ആര്‍. രണ്ടും ‘റോയല്‍’ ടീമുകളാണ്. സഞ്ജു ഇല്ല എന്നതാണ് ഈ റോയല്‍ ടീമുകളുടെ ലളിതമായ കഥ. സഞ്ജു ഇല്ലാത്തപ്പോള്‍ ടീം പകുതിയായി.
ബാറ്റിങ് ഒരു സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്നില്ല. വൈഭവ് സൂര്യവംശി നന്നായി കളിച്ചെങ്കിലും, അവന്‍ എപ്പോഴും അങ്ങനെ അടിക്കുന്നത് തുടരുമോ? ധ്രുവ് ജൂറലിന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ടീമിന്റെ ഏക വിദേശ ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയറിന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.
യശസ്വി റണ്‍സ് നേടുന്നുവെങ്കിലും തെറ്റായ സമയത്ത് പുറത്താകുന്നു. റിയാന്‍ പരാഗ് മാന്യമായി ബാറ്റ് ചെയ്യുന്നു, പക്ഷേ മത്സരം പൂര്‍ത്തിയാക്കുന്നില്ല. അതിനാല്‍ മൊത്തത്തില്‍ അവര്‍ ബാറ്റിങ്ങില്‍ ബുദ്ധിമുട്ടുന്നു. സഞ്ജു ഇല്ലാതെ അവര്‍ കൂടുതല്‍ ബുദ്ധിമുട്ടും,’ ചോപ്ര പറഞ്ഞു.
പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് മോശം ഫോമില്‍ തുടരുകയാണ്. നിലവില്‍ നാല് പോയിന്റുമായി പിങ്ക് ആര്‍മി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. ബെഞ്ച് സ്‌ട്രെങ്ത്തില്ലാത്തതും മധ്യനിര ഫോം കണ്ടെത്താതുമാണ് രാജസ്ഥാന് ഈ സീസണില്‍ തിരിച്ചടിയായത്.
Content Highlight: IPL 2025: RR vs RCB: Akash Chopra says that Rajasthan Royals becomes half when Sanju Samson isn’t there