മലപ്പുറം: രാജ്യത്ത് ഒരു ഭാഷയും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഇപ്പോഴുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യരത്‌നം പി.എസ്. വാര്യരുടെ 150ാം ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ല കുഞ്ഞുങ്ങള്‍ എല്ലാ ഭാഷയും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭാഷ പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് ആവശ്യമെന്നും കേരളത്തില്‍ ആദ്യത്തെ ഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭാഷ കാഴ്ച പോലെയാണെന്നും മറ്റ് ഭാഷകള്‍ കണ്ണടയിലുള്ള കാഴ്ചയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു രാജ്യമാണെന്നും ഈ വൈവിധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില മന്ത്രിമാര്‍ കേന്ദ്രത്തെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിലുള്ള അതൃപ്തി അറിയിച്ചിരുന്നു.
ഹിന്ദിക്ക് രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന അമിത് ഷായുടെ പ്രസ്താവന തമിഴ്നാട്ടിലും കര്‍ണാടകത്തിലും കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. തുടര്‍ന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന വിശദീകരണവുമായി ഷായ്ക്കു രംഗത്തെത്തേണ്ടി വന്നു.
അന്ന് ഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. രാജ്യത്തിന് ഒരു പൊതു ഭാഷ വേണം. നമ്മുടെ സ്വാതന്ത്ര്യ സമര ഭടന്‍മാരുടെ ഭാഷയായ ഹിന്ദിയാണത്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം, ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം’.
തന്റെ പ്രസ്താവന വിവാദമായതോടെ ഷാ നടത്തിയ വിശദീകരണം ഇങ്ങനെ- ‘മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണു പറഞ്ഞത്. ഞാനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്ത് സ്വദേശിയാണ്. എന്തിലും രാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്.’