ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. വി.ജി.എഫിന്റെ നിബന്ധനയില്‍ മാറ്റമില്ലെന്നും വരുമാന വിഹിതം പങ്കുവെക്കണമെന്ന നിലപാടില്‍ പിന്നോട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍.രാജ്യസഭാ എം.പി ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രത്തിന്റെ പരാമര്‍ശം.
വി.ജി.എഫ് ഗ്രാന്റായി കണക്കാക്കാനാകില്ലെന്നും വായ്പയായി ഇപ്പൊഴത്തെ മൂല്യം അനുസരിച്ച് തിരിച്ചടയ്ക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കരാര്‍ വ്യവസ്ഥയില്‍ വി.ജി.എഫ് തുക തിരിച്ചടയ്ക്കണമെന്ന് പറയുന്നുണ്ടെന്നും അതിനാല്‍ വി.ജി.എഫ് തുക തിരിച്ചുനല്‍കണമെന്നും വരുമാന വിഹിതം നല്‍കണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.
വി.ജി.എഫ് ഫണ്ട് തിരികെ നല്‍കണമെന്ന നിലപാടില്‍ മാറ്റം വരുത്തണമെന്നും ഗ്രാന്റായി കാണണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നിരവധി തവണ സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇന്നലെയും പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് പാര്‍ലമെന്റില്‍ തുറമുഖ വകുപ്പ് മന്ത്രിയുടെ മറുപടി.