പാ. രഞ്ജിത്ത് 2016ല്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കബാലി. രജിനികാന്തിന്റെ സ്ഥിരം ശൈലിയിലുള്ള സിനിമകളില്‍ നിന്ന് അല്പം പുതുമനിറച്ചാണ് സംവിധായകന്‍ കബാലി ഒരുക്കിയത്. ആക്ഷനും മാസിനുമൊപ്പം ശക്തമായ രാഷ്ട്രീയം പറയാനും ചിത്രത്തിനായി.
പാ. രഞ്ജിത്തിന്റെ കബാലിയില്‍ അഭിനയിക്കാന്‍ രജനികാന്ത് തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ പാ. രഞ്ജിത്, അട്ടകത്തി, മദ്രാസ് എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളു. കബാലിക്ക് മുമ്പ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് താരതമ്യേന ഒരു പുതിയ ഫിലിം മേക്കറിനൊപ്പം ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സിനിമയില്‍ പാ. രഞ്ജിത് എന്ന പേര് പതിയുന്നതിന് കബാലി വഴിയൊരുക്കി. അതുവഴി ഒരു രജനികാന്ത് സിനിമ ഇനി ഒരു സ്വപ്നമായിരിക്കില്ല എന്ന് പല യുവ സംവിധായകരും മനസ്സിലാക്കി.
തമിഴ് സിനിമയില്‍ രാഷ്ട്രീയം സംസാരിക്കുന്നതില്‍ മുന്‍ നിരയിലുള്ള സംവിധായകരാണ് പാ.രഞ്ജിത്, വെട്രിമാരന്‍, മാരി സെല്‍വരാജ് തുടങ്ങിയവര്‍. പാ. രഞ്ജിത്തിനെ കുറിച്ചും രജിനികാന്തിനെ കുറിച്ചും അടുത്തിടെ നടന്ന ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയിലെ ഫിലിം മേക്കേഴ്സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയാണ് വെട്രിമാരന്‍.
ഒരു രഞ്ജിത് സിനിമ ചെയ്യാന്‍ വേണ്ടി രജിനികാന്താണ് പാ. രഞ്ജിത്തിനെ വിളിച്ചതെന്നും അല്ലാതെ ഒരു രജിനികാന്ത് ചിത്രം ചെയ്യാന്‍ വേണ്ടി പാ. രഞ്ജിത്തിനെ രജിനികാന്ത് വിളിക്കുകയല്ലായിരുന്നെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. രജിനികാന്തിനെ പോലെയുള്ള പല സൂപ്പര്‍സ്റ്റാറുകളും വ്യത്യസ്ത തരം സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും അത്തരത്തിലുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്ന സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും വെട്രിമാരന്‍ പറയുന്നു. അവര്‍ക്ക് വേണ്ടത് കഴിവാണെന്നും മറിച്ച് ആഖ്യാനമല്ലെന്നും വെട്രിമാരന്‍ പറയുന്നു.
‘ഒരു രഞ്ജിത് ചിത്രം ചെയ്യാന്‍ വേണ്ടി രജിനികാന്ത് പാ. രഞ്ജിത്തിനെ വിളിക്കുകയായിരുന്നു. അല്ലാതെ ഒരു രജിനികാന്ത് ചിത്രം ചെയ്യാന്‍ വേണ്ടിയല്ല രജിനികാന്ത് പാ. രഞ്ജിത്തിനെ വിളിച്ചത്.
ഹിന്ദി സിനിമയിലും, പല സൂപ്പര്‍സ്റ്റാറുകളും വ്യത്യസ്ത തരം സിനിമകള്‍ ചെയ്യുന്ന സംവിധായകരുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ അവര്‍ക്ക് വേണ്ടത് കഴിവാണ്, ആഖ്യാനമല്ല,’ വെട്രിമാരന്‍ പറയുന്നു.
Content Highlight: Vetrimaaran Talks About Pa. Ranjith And Rajinikanth