Advertisement
Media
കേരളത്തില്‍ ബിജെപിയെ തടയുന്നത് യു.ഡി.എഫെന്ന ഉറച്ച കോട്ടയെന്ന് വേണു ബാലകൃഷ്ണന്‍; 'സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത് കോണ്‍ഗ്രസ് മുന്നണി ഘടനയെ പൊളിക്കാന്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 30, 06:29 am
Thursday, 30th May 2019, 11:59 am

കേരളത്തില്‍ ബിജെപിയ്ക്ക് വളരാന്‍ കഴിയാത്തത് യുഡിഎഫ് എന്ന ഉറച്ച കോട്ട തടഞ്ഞുനിര്‍ത്തുന്നത് കൊണ്ടാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഫലത്തെ വിശകലനം ചെയ്തു കൊണ്ട് പ്രസിദ്ധീകരിച്ച മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനത്തിലാണ് ബിജെപിയെ തടയുന്നത് യുഡിഎഫാണെന്ന് വേണു പറയുന്നത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിരാഷ്ട്രീയഘടനയെ പലവുരു പൊളിക്കാന്‍ ശ്രമിച്ചതാണ് സി.പി.ഐ.എം. ലീഗിനെ വര്‍ഗീയപ്പാര്‍ട്ടിയെന്ന് ഇന്നും വിമര്‍ശിക്കുന്നതില്‍ മടികാട്ടാത്ത സി.പി.ഐ.എം അടവുനയം ഉള്‍പ്പെടെ എന്തൊക്കെ തന്ത്രങ്ങളിലൂടെയാണ് ലീഗുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരിച്ചിട്ടുള്ളത്. മാണിയെ പിടിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ക്കും അധികംപഴക്കമില്ല. ഭരണത്തുടര്‍ച്ച വേണമെങ്കില്‍ കോണ്‍ഗ്രസ് മുന്‍നിര്‍ത്തിക്കൊണ്ടു പോകുന്ന ഈ കോമ്പിനേഷന്‍ പൊളിക്കണമെന്ന ബോധ്യമാണ് സി.പി.ഐ.എമ്മിനെ ഇത്തരം നീക്കങ്ങള്‍ക്ക് അവിശ്രമം പ്രേരിപ്പിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.

ഇക്കാര്യത്തില്‍ സി.പി.എം. ഇപ്പോള്‍ ഒറ്റയ്ക്കല്ല. ബി.ജെ.പി.യും ഇതേ ആഗ്രഹം വെച്ചു പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ബി.ജെ.പി.ക്ക് വളരണമെങ്കില്‍ അത് യു.ഡി.എഫിന്റെ വോട്ടുശക്തിയെ ദുര്‍ബലപ്പെടുത്തിയേ കഴിയൂ. അമിത് ഷാ ഇവിടെ വരുമ്പോഴെല്ലാം ബി.ജെ.പി. നേതാക്കളോടു പറയുന്ന ഒരു കാര്യമുണ്ട്. ബി.ജെ.പി. വളരണമെങ്കില്‍ എന്‍.എസ്.എസും ക്രിസ്ത്യന്‍സഭകളും കൂടെ വേണമെന്ന്. അതാണ് കേരളത്തില്‍ ആദ്യം അക്കൗണ്ട് തുറക്കാനും പിന്നെ ഭരണം പിടിക്കാനുമുള്ള ഏകമാര്‍ഗമെന്നും, വേണു പറയുന്നു.

ലേഖനത്തിന്റെ അവസാന ഭാഗത്തിലാണ് ബിജെപിയെ കേരളത്തില്‍ ബി.ജെ.പി.യെ അക്കൗണ്ട് തുറപ്പിക്കാതെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് വേണു പറയുന്നത്. ഇന്ത്യയിലെവിടെച്ചെന്നാലും അദ്ഭുതങ്ങള്‍ കാട്ടുന്ന അമിത് ഷായുടെ തന്ത്രങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ കൊടുമ്പിരിക്കൊള്ളുന്ന വ്യക്തിപ്രഭാവത്തിനും കേരള ബി.ജെ.പി.യെ കരകയറ്റാന്‍ കഴിയുന്നില്ലെങ്കില്‍ അത് യു.ഡി.എഫ്. എന്ന ഉറച്ച കോട്ട തടഞ്ഞുനിര്‍ത്തുന്നതുകൊണ്ടാണ്.
ഈ തിരഞ്ഞെടുപ്പുഫലം നല്‍കുന്ന വലിയ തിരിച്ചറിവും അതുതന്നെ എന്ന് പറഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

ലേഖനം മുഴുവന്‍ വായിക്കാം

https://www.mathrubhumi.com/features/politics/learn-from-indian-election-1.3833207?fbclid=IwAR3umetGZcL42pp5gJCvIUg-qRKIvMg1N7mcxyoP4_DUidATkWWv5N5DqWw