Cricket
അയ്യരിന്റെ ആറാട്ട്! സെവാഗിനെയും മാസ്‌വെല്ലിനെയും ഒരുമിച്ച് വെട്ടി; മുന്നിലുള്ളത് സഞ്ജുവിന്റെ വിശ്വസ്തൻ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 04, 06:45 am
Saturday, 4th May 2024, 12:15 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 24 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയിരുന്നു.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സിന് പുറത്താവുകയായിരുന്നു.

52 പന്തില്‍ 70 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കടുത്തിലാണ് കൊല്‍ക്കത്ത മികച്ച ടോട്ടലിലേക്ക് നീങ്ങിയത്. ആറ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് വെങ്കിടേഷ് അയ്യര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചുരുങ്ങിയത് 150+ പന്തുകള്‍ നേരിട്ട് താരങ്ങളിലെ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള രണ്ടാമത്തെ താരം എന്ന നേട്ടമാണ് വെങ്കിടേഷ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ 165 സ്‌ട്രൈക്ക് റേറ്റിലാണ് വെങ്കിടേഷ് ബാറ്റ് വീശിയത്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 150+ പന്തുകള്‍ നേരിട്ട താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള താരം, സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍

യശ്വസി ജെയ്സ്വാള്‍-176

വെങ്കിടേഷ് അയ്യര്‍-165

ഗ്ലെന്‍ മാക്‌സ്വെല്‍-160

വീരേന്ദര്‍ സെവാഗ്-156

31 പന്തില്‍ 42 റണ്‍സ് നേടിയ മനീഷ് പാണ്ടെയും കൊല്‍ക്കത്തയുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

മുംബൈ ബാറ്റിങ്ങില്‍ 36 പന്തില്‍ 56 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും 20 പന്തില്‍ 24 റണ്‍സ് നേടി ടിം ഡേവിഡും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ മുംബൈ തകര്‍ന്നടിയുകയായിരുന്നു.

അതേസമയം മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര എന്നിവര്‍ മൂന്നു വീതം വിക്കറ്റും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Venkitesh iyyer great performance against Mumbai Indians