national news
ഏക്‌നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം നടത്തിയ സ്റ്റുഡിയോ പൊളിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Tuesday, 25th March 2025, 3:14 pm

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കെതിരെ പരാമര്‍ശം ഷൂട്ട് ചെയ്ത മുംബൈ, ഖറിലെ സ്റ്റുഡിയോ പൊളിക്കാനൊരുങ്ങി നഗരസഭ. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് ഹാബിറ്ററ്റ് സ്റ്റുഡിയോ പൊളിക്കാന്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബി.എം.സി) തീരുമാനിച്ചത്. ഈ സ്റ്റുഡിയോയില്‍ വെച്ചാണ് കുനാല്‍ കമ്ര ഷിന്‍ഡേയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയത്.

വീഡിയോ വൈറലായതിന് പിന്നാലെ ശിവസേന പ്രവര്‍ത്തകര്‍ സ്റ്റുഡിയോയ്ക്ക് നേരെ അക്രമണം അഴിച്ച് വിട്ടിരുന്നു. തൊട്ടുപിന്നാലെ സ്റ്റുഡിയോ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സര്‍നായക് ബി.എം.സി കമ്മീഷണര്‍ ഭൂഷണ്‍ ഗഗ്രാനിയെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ് നഗരസഭ നടപടി സ്വീകരിച്ചത്.

സ്റ്റുഡിയോ ഉടമകള്‍ ടെറസില്‍ ഒരു താത്ക്കാലിക ഷെഡ് നിര്‍മിച്ചിരുന്നു. ഇത് പിന്നീട് അക്രമികള്‍ പൊളിച്ചുമാറ്റിയതായി ബി.എം.സി അധികൃതര്‍ കണ്ടെത്തി. നിയമവിരുദ്ധമായി ബേസ്‌മെന്റ്, സ്റ്റുഡിയോ ആയി ഉപയോഗിക്കുന്നുണ്ടെന്നും നഗരസഭ സംഘം കണ്ടെത്തി. ബേസ്‌മെന്റുകള്‍ സ്റ്റോറേജിനായി മാത്രമായാണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ ഇത് നിയമവിരുദ്ധമാണെന്നാണ് അധികൃതര്‍ പറയുന്നത്. അനധികൃതമായി നിര്‍മിച്ച ഷെഡ് നീക്കം ചെയ്യാന്‍ നഗരസഭ ആരംഭിച്ചിട്ടുണ്ട്.

അതേസമം ഷിന്‍ഡെക്കെതിരായ പരാമര്‍ശത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കുനാല്‍ കമ്രയ്ക്ക് ഇന്ന് മുംബൈ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ ഇതുവരെ അദ്ദേഹം അംഗീകരിച്ചിട്ടില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു.

‘ഏക്നാഥ് ഷിന്‍ഡെയെക്കുറിച്ച് അജിത് പവാര്‍ പറഞ്ഞതാണ് ഞാന്‍ പറഞ്ഞത്. ജനക്കൂട്ടത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് അവസാനിക്കുന്നതുവരെ ഞാന്‍ എന്റെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനുമില്ല,’ കുനാല്‍ കമ്ര എക്സില്‍ കുറിച്ചു.

അതേസമയം കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ ഇന്ന് ഏക്നാഥ് ഷിന്‍ഡെ ആദ്യമായി പ്രതികരിച്ചിരുന്നു. ആക്ഷേപഹാസ്യം എന്താണെന്ന് തങ്ങള്‍ക്ക് മനസിലാകുമെന്ന് പറഞ്ഞ ഷിന്‍ഡെ എന്നാല്‍ എല്ലാത്തിനും ഒരുപരിധി വേണമെന്നും വ്യക്തമാക്കി.

തനിക്കതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ സ്റ്റുഡിയോ തകര്‍ത്തതിനെയും ഷിന്‍ഡെ ന്യായീകരിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രതികരണമുണ്ടാവുമെന്നായിരുന്നു ഈ വിഷയത്തില്‍ ഷിന്‍ഡെയുടെ മറുപടി. ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാക്കളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Content Highlight: Corporation started demolition of Mumbai’s Habitat studio where Kunal Kamra mocked Shinde