എന്‍.എസ്.എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീര്‍ന്നു; ഞാനാണെങ്കില്‍ മാന്താന്‍ ആളുണ്ടായിരുന്നു: വെള്ളാപ്പള്ളി
Kerala News
എന്‍.എസ്.എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീര്‍ന്നു; ഞാനാണെങ്കില്‍ മാന്താന്‍ ആളുണ്ടായിരുന്നു: വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2023, 11:45 am

തിരുവനന്തപുരം: എന്‍.എസ്.എസിന്റെ പിന്തുണ ലഭിച്ചതോടെ കോണ്‍ഗ്രസ് നേതാവ്
ശശി തരൂരിന്റെ ഭാവി തീര്‍ന്നെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസിലെ അംഗങ്ങള്‍ മാത്രം വോട്ട് ചെയ്താല്‍ ശശി തരൂര്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ഡി.പിയുടെ ചേര്‍ത്തലയിലെ പരിപാടിയിലായിരുന്നു എന്‍.എസ്.എസിനെതിരെ വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

ദല്‍ഹി നായരായിരുന്ന ആള്‍ ചങ്ങനാശ്ശേരി എത്തിയപ്പോള്‍ തറവാടി നായരായി മാറി. തറവാടി നായര്‍ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ. താനാണ് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെങ്കില്‍ കൊത്താനും മാന്താനും ആളുണ്ടാവുമായിരുന്നു. സുകുമാരന്‍ നായരുടെ പ്രസ്താവനക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശി തരൂര്‍ എം.പിയെ തറവാടി നായരെന്ന് സുകുമാരന്‍ നായര്‍ വിളിച്ചത്.

‘തരൂര്‍ ഒരു തറവാടി നായരാണ്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് അദ്ദേഹം.

 

തരൂര്‍ ദല്‍ഹി നായരാണെന്ന തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചത്,’ എന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.

എന്നാല്‍ അത് പറഞ്ഞവരോട് ഇതിനെക്കുറിച്ച് ചോദിക്കണമെന്നായിരുന്നു പ്രസ്താവനയില്‍ തരൂരിന്റെ പ്രതികരണം.

ജാതിയല്ല കഴിവാണ് പ്രധാനം. ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.