കന്നടയിലെ പ്രശസ്ത നടമാണ് ശിവ രാജ്കുമാര്‍. അഭിനയത്തിന് പുറമെ നിര്‍മാതാവും ടെലിവിഷന്‍ അവതാരകവുമാണ് ശിവ രാജ്കുമാര്‍. ഫിലിംഫെയര്‍ അവാര്‍ഡുകള്‍, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ശിവരാജ്കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്.
1974ല്‍ ഇറങ്ങിയ ശ്രീ ശ്രീനിവാസ കല്യാണ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ശിവ രാജ്കുമാര്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ അമ്മയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ആനന്ദ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട മലയാള ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ശിവ രാജ്കുമാര്‍.
തനിക്ക് ഇഷ്ടപ്പെട്ട സിനിമ ചെമ്മീനാണെന്ന് പറയുകയാണ് ശിവ രാജ്കുമാര്‍. അമ്പതിനടുത്ത് തവണ താന്‍ ആ സിനിമ കണ്ടിട്ടുണ്ടെന്നും എപ്പോള്‍ താന്‍ ആ സിനിമ കണ്ടാലും കരയുമെന്നും അതെന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും ശിവ രാജ്കുമാര്‍ പറയുന്നു.
എന്നാല്‍ അതോടൊപ്പം തന്നെ താന്‍ ആ സിനിമ ആസ്വദിക്കുമെന്നും തന്നെ മോഹിപ്പിക്കുന്ന സിനിമ കൂടിയാണ് ചെമ്മീനെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു. പിന്നാലെ ചെമ്മീനിലെ മാനസമൈനേ പാട്ടും ശിവ രാജ്കുമാര്‍ പാടി. തന്റെ പുതിയ ചിത്രമായ 45ന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഇഷ്ടപ്പെട്ട സിനിമ ചെമ്മീനാണ്. 50 പ്രാവശ്യമെങ്കിലും ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്. എപ്പോള്‍ ആ സിനിമ കണ്ടാലും ഞാന്‍ കരയും അതെന്തിനാണെന്ന് എനിക്കറിയില്ല. അതൊടൊപ്പം തന്നെ ആസ്വദിക്കുകയും ചെയ്യും. എന്നെ മോഹിപ്പിക്കുന്ന സിനിമയാണ് ചെമ്മീന്‍,’ ശിവ രാജ്കുമാര്‍ പറയുന്നു. (ചെമ്മീനിലെ മാനസമൈനേ പാട്ട് പാടുന്നു).
ഇതേ പരിപാടിയില്‍ തന്നെ തന്റെ ഇഷ്ടപ്പെട്ട നടന്‍ ദുല്‍ഖര്‍ ആണെന്ന് പറഞ്ഞിരുന്നു നടന്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇഷ്ടമാണെന്നും എന്നാല്‍ താന്‍ ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധകനാണെന്നുമാണ് ശിവ രാജ്കുമാര്‍ പറഞ്ഞത്.
Content Highlight: I have watched that Malayalam movie at least 50 times says Siva Rajkumar