മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ബൈജു സന്തോഷ്. ബാലതാരമായാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെയാണ് ബൈജു തന്റെ സിനിമാകരിയര്‍ ആരംഭിച്ചത്.
സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്. ഇപ്പോള്‍ അഭിനേതാക്കള്‍ക്ക് സിനിമയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച – താഴ്ച്ചകളെ കുറിച്ച് പറയുകയാണ് ബൈജു സന്തോഷ്.
സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആള്‍ അഭിനയിക്കുക തന്നെ വേണമെന്നും അത്രനാള്‍ ചെയ്തു കൊണ്ടിരുന്ന തൊഴിലില്‍ നിന്ന് പെട്ടന്നൊരു പിന്മാറ്റം നടത്തേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണെന്നും നടന്‍ പറയുന്നു.
അത് മമ്മൂട്ടിയാണെങ്കിലും മോഹന്‍ലാല്‍ ആണെങ്കിലും സുരേഷ് ഗോപിയാണെങ്കിലും അങ്ങനെ തന്നെയാണെന്നും ബൈജു പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആള്‍ അഭിനയിക്കുക തന്നെ വേണം. അല്ലാതെ പറ്റില്ല. അതിപ്പോള്‍ മമ്മൂട്ടിയാകട്ടെ മോഹന്‍ലാലാകട്ടെ സുരേഷ് ഗോപിയാകട്ടെ, ആരുമാകട്ടെ.
അവര്‍ അത്രനാള്‍ ചെയ്തു കൊണ്ടിരുന്ന ഒരു തൊഴിലില്‍ നിന്ന് പെട്ടെന്നൊരു പിന്മാറ്റം നടത്തേണ്ടി വരുന്നതും ആ തൊഴില്‍ ഇല്ലാതെ ആകുന്നതും വല്ലാത്തൊരു അവസ്ഥയാണ്.
ഒരു നടനെയും നടിയെയും സംബന്ധിച്ചിടത്തോളം അവര്‍ക്ക് പിന്നീട് വേറെയൊന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ക്ക് ആകെ അറിയാവുന്നത് അഭിനയം മാത്രമാണ്.
സെറ്റില്‍ ചെല്ലുമ്പോള്‍ എല്ലാവിധ ആദരവും കിട്ടും. ചായയും ഭക്ഷണവും എടുത്ത് കൊടുക്കാന്‍ ആളുണ്ടാകും. കാരവാനും മേക്കപ്പ് മാനുമൊക്കെ ഉണ്ടാകും. ചുറ്റും എല്ലാ സംവിധാനങ്ങളുമുണ്ടാകും.
പെട്ടെന്ന് അതൊക്കെ ഇല്ലാതെയാകുമ്പോള്‍ പലരും മാനസികമായി തളര്‍ന്നു പോകും. ഞാനൊക്കെ സിനിമയില്ലാതെ എത്ര വര്‍ഷം ഇരുന്നിട്ടുണ്ടെന്നോ. എല്ലാ വര്‍ഷവും ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
അതില്‍ കാര്യമൊന്നുമില്ല. അതിനേക്കാള്‍ നല്ലത് അഭിനയിക്കാതിരിക്കുന്നതാണ്. പക്ഷെ എനിക്ക് അന്ന് മാനസികമായി വിഷമം ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുകയേയില്ല.
സിനിമയില്‍ ഉയര്‍ച്ചയും താഴ്ച്ചയുമൊക്കെ എന്നുമുണ്ടാകും. പക്ഷെ എനിക്ക് ഉണ്ടായത് പോലെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ഉണ്ടായിട്ടില്ല. മനക്കട്ടി കൊണ്ട് മാത്രമാണ് അതിനെ തരണം ചെയ്തത്,’ ബൈജു സന്തോഷ് പറയുന്നു.
Content Highlight: Baiju Santhosh Talks About Up And Downs In Cinema