Advertisement
Entertainment
പ്രതീക്ഷിച്ചതിനേക്കാള്‍ ബജറ്റായപ്പോഴും ശമ്പളം കുറയ്ക്കുമോ എന്ന് ബേസിലിനോട് ചോദിച്ചില്ല, അതിന് ഒരു കാരണമുണ്ട്: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 06:11 am
Friday, 18th April 2025, 11:41 am

പ്രതീക്ഷിച്ചതിനേക്കാള്‍ ബജറ്റ് വന്ന സിനിമയാണ് മരണമാസെന്നും പല പ്രതിസന്ധികളും ഷൂട്ടിനിടെ ഉണ്ടായിട്ടുണ്ടെന്നും നിര്‍മാതാവ് ടൊവിനോ തോമസ്.

അത്തരമൊരു അവസ്ഥയില്‍ ശമ്പളം കുറയ്ക്കാമോ എന്ന് ബേസിലിനോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിനും ടൊവിനോ മറുപടി പറയുന്നുണ്ട്.

മഴ കാരണവും അല്ലാതെയുമൊക്കെ പ്രതീക്ഷിച്ചതിനേക്കാള്‍ ദിവസം ഷൂട്ട് നീണ്ടെന്നും സിനിമയുടെ തുടക്കത്തില്‍ തന്നെ ശമ്പള കാര്യത്തില്‍ ആരോടും വിട്ടുവീഴ്ച ചെയ്യണമെന്ന് പറയരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ടൊവിനോ പറയുന്നു.

‘ ഇതിന്റെ പ്രൊഡക്ഷനില്‍ ഭയങ്കരമായിട്ട് ഇടപെട്ടിട്ടില്ലെങ്കിലും ഞാന്‍ വളരെ കൃത്യമായിട്ട് പറഞ്ഞ ഒരു കാര്യം ആരോടും നിര്‍ബന്ധിച്ച് ശമ്പളം കുറപ്പിക്കരുത് എന്നതാണ്.

അതില്‍ ഒന്നാമത്തെ കാര്യം എല്ലാവര്‍ക്കും പണിയെടുത്താല്‍ അവര്‍ അര്‍ഹതപ്പെടുന്ന പൈസ കിട്ടിയിരിക്കണം എന്നത് എനിക്കും അറിയാവുന്നതാണ്.

കിട്ടാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം എനിക്കും അറിയാം. ഞാന്‍ കൂടുതലും, ശമ്പളം മേടിക്കുന്ന, അല്ലെങ്കില്‍ ക്രിയേറ്റീവ് ആയിട്ടുള്ള സൈഡിലാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്.

അവര്‍ എങ്ങനെയൊക്കെ ചിന്തിക്കും എന്തൊക്കെ ഫീലാകും എന്നതൊക്കെ എനിക്ക് ചിന്തിക്കാനാകും. സൗഹൃദം മുതലെടുത്ത് ശമ്പളം കുറപ്പിക്കരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു.

എല്ലാവര്‍ക്കും സാറ്റിസഫൈയിങ് ആയിട്ടുള്ള സാലറി കിട്ടിയിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സൗഹൃദം നമ്മള്‍ മുതലെടുത്തിട്ടില്ലെങ്കില്‍ പോലും ഗുരുസാറിനെപ്പോലുള്ളവര്‍, പ്രതിഫലം വാങ്ങാതെ അഭിനയിച്ചു. ഇതിനകത്ത് വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാവരും ഈ സിനിമ പരമാവധി നന്നാകണമെന്ന് ആഗ്രഹിച്ചു.

ഡാര്‍ക് ഹ്യൂമര്‍ ജോണര്‍ ചെയ്യുമ്പോള്‍ റിസ്‌ക് എലമെന്റ് ഉണ്ട് എന്നതുകൊണ്ട് അമിതമായി ആരും ശമ്പളം ചോദിച്ചിട്ടില്ല. അത്തരമൊരു സംസാരം ഉണ്ടായിട്ടില്ല.

പിന്നെ ഞാന്‍ ഇവരുടെ ശമ്പളം കുറപ്പിക്കരുത് എന്ന് പറയാനുള്ള മറ്റൊരു കാരണം നാളെ ഇവരും പ്രൊഡ്യൂസ് ചെയ്യും. എന്നെ അഭിനയിക്കാന്‍ വിളിക്കും. ഇപ്പോള്‍ ഞാന്‍ കുറിപ്പിച്ചാല്‍ അന്ന് ഞാനും കുറയ്‌ക്കേണ്ടി വരും (ചിരി),’ ടൊവിനോ പറഞ്ഞു.

മഴയൊക്കെ വലിയ വെല്ലുവിളിയായിരുന്നു. ഡെയിലി വേജിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. മറ്റ് ആര്‍ടിസ്റ്റിനും ടെക്‌നീഷ്യന്‍സിനുമൊക്കെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ശമ്പളം ചോദിക്കാന്‍ അവകാശമുണ്ടായിരുന്നു.

കാരണം അത്രയും ദിവസം അവര്‍ ഇന്‍വെസ്റ്റ് ചെയ്തിരുന്നു. പ്ലാന്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ദിവസം വര്‍ക്ക് ചെയ്തിരുന്നു. അവര്‍ക്ക് കൂട്ടിച്ചോദിക്കാമായിരുന്നു.

അത് ചോദിച്ചില്ല. മഴ മാറുന്നത് നോക്കി ഇരിക്കുമ്പോള്‍ ഇവര്‍ക്കും അറിയാം. അവനവന്റെ കാര്യം എന്ന് ചിന്തിച്ചു കഴിഞ്ഞാല്‍ ഇവിടുത്തെ ഏറ്റവും കളക്ഷന്‍ കിട്ടിയ സിനിമയേക്കാള്‍ മുകളില്‍ പോകും ഈ സിനിമയുടെ ബജറ്റ് എന്ന്.

എല്ലാവരും സഹകരിച്ചതുകൊണ്ടാണ് ഇങ്ങനത്തെ സിനിമകള്‍ ചെയ്യാന്‍ പറ്റുന്നത്. അല്ലെങ്കില്‍ ഇങ്ങനെത്തെ പരീക്ഷണങ്ങള്‍ ചെയ്യാന്‍ പേടിയായിപ്പോകും.

അച്ചില്‍ വാര്‍ത്ത തരം സിനിമകള്‍ മാത്രം ചെയ്യേണ്ടി വരും. എന്തെങ്കിലും മാറി ചെറിയ രീതിയിലെങ്കിലും ചെയ്യണമെങ്കില്‍ എല്ലാവരുടേയും സഹകരണം അതില്‍ ആവശ്യമാണ്,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas about Maranamass Movie Budget and Basil Remmunaration