Million Women's Wall
നവോത്ഥാനം കാലഘട്ടത്തിന്റെ ആവശ്യം, വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ വിഡ്ഢികളെന്ന് വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 08, 08:51 am
Saturday, 8th December 2018, 2:21 pm

കൊല്ലം: വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ വിഡ്ഢികളാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാനം നടത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കണ്ടാണ് സര്‍ക്കാര്‍ വനിതാ മതില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിധിയെ സംബന്ധിച്ച് നിരാശ ജനകം എന്നാണ് ഞാന്‍ പറഞ്ഞത്. ഇന്നും താന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു. ദേശീയ രാഷ്ട്രീയ കക്ഷികള്‍ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവര്‍ക്ക് അത് മാറ്റിപ്പറയാന്‍ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാര്യത്തിനും ക്ഷണിച്ചിട്ടില്ല. എന്നും തങ്ങളെ ചതിച്ച പാരമ്പര്യമാണുള്ളത്. ഇപ്പോള്‍ ക്ഷണിച്ചെങ്കില്‍ അത് സംഘടനയുടെ ബലം കൊണ്ടു മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

20 കൊല്ലമായി വന്ന ഭരണസമിതികള്‍ മാറി മാറി വന്നിട്ടും ദേവസ്വം ബോര്‍ഡില്‍ സവര്‍ണ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ വന്നു. പക്ഷെ നാം അവരുടെ തനി നിറവും കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.