തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മദ്രസ ഹാള്‍ വിട്ടുനല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചുളിക്ക മദ്രസ അധികാരികളാണ് ഹാള്‍ വിട്ട് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മദ്രസ ഹാള്‍ വിട്ടുനല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചുളിക്ക മദ്രസ അധികാരികളാണ് ഹാള്‍ വിട്ട് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ ജോര്‍ജ് ഈ കാര്യം അറിയിച്ചത്. നിലവില്‍ മേപ്പാടിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്.
‘വയനാട് മേപ്പാടിയില്‍ ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചു. ചുളിക്ക മദ്രസ ഹാളാണ് അവര്‍ വിട്ടു നല്‍കിയത്. ആവശ്യകതയനുസരിച്ച് ഇവിടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കും,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഇതുകൂടാതെ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു. മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന് ദേശീയ അന്തര്‍ദേശീയ ഗൈഡ്‌ലൈന്‍ പ്രകാരം മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ചാലിയാറില്‍ നിന്ന് അവസാന മൃതദേഹവും ലഭിക്കുന്നത് വരെ തിരച്ചില്‍ അവസാനിപ്പിക്കില്ലെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖലയിലും ഇതേ രീതി തന്നെ പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഉരുള്‍പൊട്ടലില്‍ മരണം 333 ആയി ഉയര്‍ന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ 14 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചാലിയാറില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 180 മൃതദേഹങ്ങളാണ്. രക്ഷാദൗത്യത്തില്‍ നേവിയുടെ ഹെലികോപ്റ്ററും പങ്കുചേരും.
107 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 105 മൃതദേഹങ്ങള്‍ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. മുണ്ടക്കൈയിലും ചൂരല്‍മലയിലയുമായി 284 പേരെ ഇനിയും കണ്ടെത്താനുണ്ട്. 96 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. തിരിച്ചറിയാത്ത 76 മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlight: Veena George said that Madrasa Hall has been released for the post-mortem of those who died in the landslide