മലയാളത്തില്‍ ഒരു കറുത്ത നായകനടനുണ്ടോ?: വേടന്‍
Movie Day
മലയാളത്തില്‍ ഒരു കറുത്ത നായകനടനുണ്ടോ?: വേടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st August 2024, 11:30 am

‘വോയ്സ് ഓഫ് ദ വോയ്സ്ലെസ്’ എന്ന ഗാനത്തിലൂടെ ശ്രദ്ധനേടിയ റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന സ്റ്റേജ് നാമത്തിലറിയപ്പെടുന്ന ഹിരാന്‍ദാസ് മുരളി. വ്യക്തമായ രാഷ്ട്രീയം തന്റെ കരിയറിന്റെ തുടക്കം മുതല്‍ തന്നെ വേടന്‍ പറയുന്നുണ്ട്. സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ വേടന്‍ ദിനംപ്രതി ശ്രമിക്കുന്നുണ്ട്.

മലയാള സിനിമയില്‍ കറുത്ത നിറത്തിലുള്ള നടനുണ്ടോ എന്ന് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുകയാണ് വേടന്‍.

വിനായകന്‍ ചേട്ടനുണ്ട്, എന്നാലും അദ്ദേഹത്തെ വേണ്ട രീതിയില്‍ മലയാള സിനിമ ഉപയോഗിക്കുന്നില്ലെന്നും വേടന്‍ പറയുന്നു.

‘നമുക്കൊരു കറുത്ത നടനുണ്ടോ? വിനായകന്‍ ചേട്ടന്‍ ഉണ്ട്. എന്നാല്‍ മലയാള സിനിമ വേണ്ട രീതിയില്‍ അദ്ദേഹത്തെ ഉപയോഗിച്ചിട്ടുണ്ടോ? മലയാളികള്‍ എവിടെയാണ് വിനായകന്‍ ചേട്ടനെ വേണ്ട രീതിയില്‍ ഉപയോഗിച്ചിരിക്കുന്നത്?

കമ്മട്ടിപ്പാടത്തില്‍ രാജീവ് ചേട്ടനൊക്കെ നല്ലൊരു സാധനം വിനായകന്‍ ചേട്ടനെ വെച്ച് ചെയ്തുവെച്ചിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തെയൊന്നും വേണ്ട രീതിയില്‍ ആരും ഉപയോഗിചിച്ചിട്ടില്ല, നമ്മുടെ ആളുകള്‍ ഇതൊന്നും കണ്ട് മനസിലാക്കുന്നില്ല,’ വേടന്‍ പറയുന്നു.

അതുപോലതന്നെ നമ്മുടെ നാട്ടില്‍ കറുത്ത നിറത്തിലുള്ള മോഡലുകളില്ലെന്നും വേടന്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ സ്ത്രീകളെപ്പോലെ ഉള്ള മോഡലുകള്‍ കേരളത്തില്‍ വെക്കുന്ന പോസ്റ്ററുകളില്‍ കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമുക്കൊരു കറുത്ത മോഡല്‍ ഉണ്ടോ? ഏത് പോസ്റ്ററിലാണ് ഒരു കറുത്ത മോഡലിനെ നമുക്ക് കാണാന്‍ കഴിയുന്നത്, ഞാന്‍ ദുബായില്‍ പോയപ്പോള്‍ എവിടെ നോക്കിയാലും കറുത്ത മോഡല്‍സ് ആയിരുന്നു. എന്നാല്‍ നമ്മുടെ ഉമ്മറത്ത് അതൊന്നും ഇല്ല.

നമ്മള്‍ വാതില് തുറന്നാല്‍ കാണുന്നത് നോര്‍ത്തിലെ ഐശ്വര്യ റായിയെ എല്ലാം ആണ്. നമ്മുടെ നാട്ടിലെ സ്ത്രീകളായിട്ടൊന്നും അവര്‍ക്കൊരു ബന്ധമില്ല. നമ്മുടെ അമ്മയൊക്കെ എങ്ങനെയാ ഇരിക്കുന്നെ, എന്നാലും മോഡല്‍ ആയിട്ട് നമ്മുടെ നാട്ടില്‍ അവരുടെ ഛായയുള്ള ആരുമില്ല,’ വേടന്‍ പറയുന്നു.

Content Highlight: Vedan talks about colour discrimination in film and modeling industry