പുല്‍വാമ ഭീകരാക്രമണം; തെരഞ്ഞെടുപ്പിന് മുമ്പ് ആസൂത്രണം ചെയ്ത തിരക്കഥ; എന്തിനും മടിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്: വി.ഡി. സതീശന്‍
Kerala News
പുല്‍വാമ ഭീകരാക്രമണം; തെരഞ്ഞെടുപ്പിന് മുമ്പ് ആസൂത്രണം ചെയ്ത തിരക്കഥ; എന്തിനും മടിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2023, 1:59 pm

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണം തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കഥയൊരുക്കി ആസൂത്രണം ചെയ്ത ക്രൂരകൃത്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 40 ജവാന്‍മാരുടെ ജീവന്‍ ബലികൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കൂട്ടുനിന്നെന്ന ആരോപണം ഗൗരവമേറിയതാണെന്നും സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ജയിക്കാനായി എന്ത് ക്രൂര കൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് കേന്ദ്രത്തിലുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോദി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് ബി.ജെ.പിയുടെ തന്നെ വിശ്വസ്തനാണെന്നും എന്നിട്ടിപ്പോള്‍ അയാളുടെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു. സത്യപാല്‍ മാലിക്കിന് പിന്നാലെ മുന്‍ കരസേന മേധാവിയും സമാന ആരോപണമുന്നയിച്ചത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദേശീയത ആളിക്കത്തിക്കുന്നതിന് വേണ്ടി 40 ധീരജവാന്‍മാരുടെ ജീവന്‍ ബലികൊടുക്കാന്‍ പ്രധാനമന്ത്രിയടക്കം കൂട്ടുനിന്നെന്നാണ് ബി.ജെ.പിയുടെ വിശ്വസ്തന്‍ തന്നെ ആരോപിച്ചിരിക്കുകയാണ്. എന്നിട്ടിപ്പോള്‍ അയാളുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതേ മോദി തന്നെയാണ് സത്യപാല്‍ മാലിക്കിനെ കശ്മീരില്‍ ഗവര്‍ണറായി നിയമിച്ചത്. രണ്ട് തവണ ബി.ജെ.പിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ആളാണ് അദ്ദേഹം.

പിന്നീട് മുന്‍ കരസേന മേധാവിയും ഇതേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. കൃത്യമായി ജനങ്ങളെ കബളിപ്പിച്ച് കൊണ്ട് അതി തീവ്ര ദേശീയത ആളിക്കത്തിക്കാനായി തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കഥയൊരുക്കി ചെയ്ത ക്രൂരകൃത്യമാണ് പുല്‍വാമയിലുണ്ടായത്. എന്തും ചെയ്യാന്‍ മടിയില്ലാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. പുല്‍വാമ ഭീകരാക്രമണം ഞെട്ടിക്കുന്നതാണ്, അതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടക്കണം,’ സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് 2019ലുണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്തെത്തിയത്.

സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം നിഷേധിച്ചെന്നും വീഴ്ച്ച പ്രധാനമന്ത്രിയോട് സൂചിപ്പിച്ചപ്പോള്‍ തന്നോട് മിണ്ടാതിരിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുന്‍ കരസേന മേധാവിയും ഭീകരാക്രമണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിനാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Content Highlight: vd satheeshan slams narendra modi on pulwama attack