ഇ.ഡിയെ വിശ്വാസമില്ല; ദല്‍ഹിയില്‍ വേട്ടയാടുന്ന ഇ.ഡി കേരളത്തില്‍ മിത്രങ്ങളെ സംരക്ഷിക്കുന്നു, ഇന്‍ഡിഗോ റിപ്പോര്‍ട്ട് പച്ചക്കള്ളം: വി.ഡി. സതീശന്‍
Kerala News
ഇ.ഡിയെ വിശ്വാസമില്ല; ദല്‍ഹിയില്‍ വേട്ടയാടുന്ന ഇ.ഡി കേരളത്തില്‍ മിത്രങ്ങളെ സംരക്ഷിക്കുന്നു, ഇന്‍ഡിഗോ റിപ്പോര്‍ട്ട് പച്ചക്കള്ളം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th June 2022, 2:40 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇന്‍ഡിഗോ എയര്‍പേര്‍ട്ട് മാനേജര്‍ പൊലീസിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് മാനേജര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.

റിപ്പോര്‍ട്ടില്‍ നിന്ന് ഇ.പി. ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണ്. വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെ കൊണ്ട് മറുപടി പറയിപ്പിക്കും. മുഖ്യമന്ത്രി പുറത്ത് പോയിട്ടാണ് പ്രതിഷേധം… പ്രതിഷേധം… എന്ന മുദ്രാവാക്യം വിളിച്ചതെന്ന് ഇ.പി. ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്തിലുള്ളപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്ന് വിമാനക്കമ്പനിയായ ഇന്‍ഡിഗോ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തുവരട്ടെ.
ഇ.ഡിയെ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ദല്‍ഹിയില്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ഇ.ഡി കേരളത്തില്‍ മിത്രങ്ങളെ സംരക്ഷിക്കുന്നു. ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് പറയുന്നത് ഇ.ഡിയെ വിശ്വാസമില്ലാത്തത് കൊണ്ടാണ്. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ നിയമപരമായ വഴികള്‍ തേടാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.

അതേസമയം, വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതെന്നാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാനുള്ള നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ മുദ്രാവാക്യം വിളികളുമായി മൂന്ന് പേര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് സമീപത്തേക്ക് പാഞ്ഞടുത്തു. ഈ സമയം ഇവരെ മുഖ്യമന്ത്രിക്കൊപ്പമുള്ളയാള്‍ തടഞ്ഞെന്നുമാണ് ഇന്‍ഡിഗോ പൊലീസിന് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയട്ടുണ്ട്. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് നാരായണനാണ് ഒളിവില്‍ കഴിയുന്നത്. രണ്ട് പേര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതായി പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്. മൂന്നമനായ സുനിത് നാരായണനാണ് വീഡിയോ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ യാത്രക്കാരോടൊപ്പം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുനിതിന്റെ വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.