IPL
ഈ വിജയത്തിന് മധുരമേറും, കാരണം നേടാനാകാതെ പോയ പലതും നേടിയെടുത്തതാണ്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Saturday, 29th March 2025, 6:44 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് പാടിദാറും സംഘവും നേടിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സ് 146 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു.

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഈ വിജയത്തിന് പ്രത്യേകതകളുമേറെയാണ്. 2008ന് ശേഷം ഇതാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തിലെത്തി റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 6,155 ദിവസങ്ങള്‍ക്ക് ശേഷം!

ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍, 2008 മെയ് 21നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആദ്യമായി ചെപ്പോക്കിലേറ്റുമുട്ടിയത്. ബെംഗളൂരു ഉയര്‍ത്തിയ 127 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോം ടീമിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മൂന്ന് വിക്കറ്റുമായി തിളങ്ങിയ അനില്‍ കുംബ്ലെയുടെ കരുത്തിലാണ് ബെംഗളൂരു വിജയിച്ചത്. ശേഷം എട്ട് തവണ കൂടി എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നെങ്കിലും സൂപ്പര്‍ കിങ്‌സ് തന്നെ എല്ലാ തവണയും ജയിച്ചുകയറി.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോറിലെത്തിയത്. താരം 32 പന്തില്‍ 51 റണ്‍സുമായി തിളങ്ങി.

ഫില്‍ സാള്‍ട്ട് (16 പന്തില്‍ 32), വിരാട് കോഹ്‌ലി (30 പന്തില്‍ 31), ടിം ഡേവിഡ് (എട്ട് പന്തില്‍ 22) എന്നിവരുടെ ഇന്നിങ്‌സുകളും ബെംഗളൂരു നിരയില്‍ നിര്‍ണായകമായി.

ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് മൂന്നും മതീശ പതിരാന രണ്ട് വിക്കറ്റും സ്വന്തമാക്കി. ഖലീല്‍ അഹമ്മദും അശ്വിനും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പാളിയിരുന്നു. രാഹുല്‍ ത്രിപാഠി (മൂന്ന് പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (നാല് പന്തില്‍ പൂജ്യം), ദീപക് ഹൂഡ (ഒമ്പത് പന്തില്‍ നാല്), സാം കറന്‍ (13 പന്തില്‍ എട്ട്), എന്നിവരെ ഒമ്പത് ഓവറിനിടെ ടീമിന് നഷ്ടമായിരുന്നു.

ഒരുവശത്ത് നിന്ന് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് നിന്ന് രചിന്‍ രവീന്ദ്ര വിക്കറ്റ് നഷ്ടപ്പെടാതെ ബാറ്റ് വീശി. എന്നാല്‍ മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും തന്നെ സാധിച്ചില്ല.

13ാം ഓവറിലെ ആദ്യ പന്തില്‍ രചിനെ മടക്കി യാഷ് ദയാല്‍ ബ്രേക് ത്രൂ നേടി. 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. ബാറ്റിങ് ഓര്‍ഡറില്‍ വീണ്ടും ഡീമോട്ട് ചെയ്ത് ഒമ്പതാം നമ്പറിലിറങ്ങിയ ധോണി 16 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയെങ്കിലും സമയം അതിക്രമിച്ചിരുന്നു. 19 പന്തില്‍ 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ചെന്നൈ എട്ട് വിക്കറ്റിന് 146 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ആര്‍.സി.ബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ യാഷ് ദയാലും ലിയാം ലിവിങ്‌സ്റ്റണും രണ്ട് വിക്കറ്റ് വീതവും നേടി. മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ആര്‍.സി.ബിയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി.

ഏപ്രില്‍ രണ്ടിനാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

 

Content Highlight: IPL 2025: RCB vs CSK: Royal Challengers Bengaluru won at Chepauk for the first time after 1st season