മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സുരാജ് വെഞ്ഞാറമൂടിന് പുറമെ എസ്.ജെ. സൂര്യ ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ്ഈ സിനിമക്കായി ഒന്നിച്ചത്. ഇപ്പോള്‍ സംവിധായകന്‍ എസ്.യു. അരുണ്‍കുമാറിനെ കുറിച്ച് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.
തനിക്ക് ഇനിയും തമിഴില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടാകാന്‍ കാരണം വീര ധീര സൂരന്‍ എന്ന സിനിമയില്‍ നിന്ന് ലഭിച്ച അനുഭവമാണെന്നാണ് സുരാജ് പറയുന്നത്. അതിന് ആദ്യം നന്ദി പറയേണ്ടത് സംവിധായകന്‍ അരുണ്‍കുമാറിനോടാണെന്നും അദ്ദേഹം പറയുന്നു.
ചിത്ത സിനിമ കണ്ടതോടെ തനിക്ക് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായെന്നും വീര ധീര സൂരന്‍ എന്ന ഒരൊറ്റ സിനിമയിലൂടെ താന്‍ എസ്.യു. അരുണ്‍കുമാറിന്റെ വലിയ ആരാധകനായെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഇനിയും തമിഴ് പടങ്ങളില്‍ അഭിനയിക്കണമെന്ന ആഗ്രഹം വരാന്‍ കാരണം വീര ധീര സൂരന്‍ എന്ന സിനിമയാണ്. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ലഭിച്ച എക്‌സ്പീരിയന്‍സാണ് അതിന് കാരണം. അതിന് ആദ്യം നന്ദി പറയേണ്ടത് സംവിധായകന്‍ അരുണ്‍കുമാര്‍ സാറിനോടാണ്.
അദ്ദേഹം യഥാര്‍ത്ഥ മനുഷ്യനാണ്, തങ്കമായ മനുഷ്യന്‍. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി. അദ്ദേഹത്തിന്റെ ചിത്ത എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. അതിന് ശേഷം എനിക്ക് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായി.
വീര ധീര സൂരനില്‍ അഭിനയിച്ചതിന് ശേഷം അദ്ദേഹം വേറെ ലെവല്‍ ആണെന്ന് മനസിലായി. ഒരൊറ്റ സിനിമയിലൂടെ തന്നെ ഞാന്‍ അത്രയേറെ വലിയ ഫാനായി മാറി. ഞാന്‍ ഇപ്പോള്‍ കുറച്ചൊക്കെ തമിഴ് പറയും. അതിന്റെ കാരണം അരുണ്‍കുമാര്‍ സാറാണ്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu Says Veera Dheera Sooran Is Makes Him Want To Act In Tamil Movie Again