കാഠ്മണ്ഡു: രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ ആഭ്യന്തര കലഹം. രാജവാഴ്ച അനുകൂലികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ആഭ്യന്തര കലഹം രൂക്ഷമായതോടെ കാഠ്മണ്ഡുവിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ വീടിന് പ്രതിഷേധക്കാര്‍ തീവെച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ന് (വെള്ളി) നടന്ന രാജഭരണ അനുകൂലികളുടെ സമരത്തിന് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഏതാനും ചിലര്‍ ടിങ്കുനെയിലെ കാന്തിപൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നൂറുകണക്കിന് ആളുകളാണ് രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാഠ്മണ്ഡുവിലെ തെരുവുകളിലിറങ്ങിയത്.
അതേസമയം സോഷ്യലിസ്റ്റ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് രാജവാഴ്ച വിരുദ്ധ പ്രതിഷേധക്കാര്‍ ഭൃകുടിമണ്ഡപില്‍ ഒത്തുകൂടി.
റിപ്പബ്ലിക് നീണാള്‍ വാഴട്ടെ, അഴിമതിക്കാരെ ശിക്ഷിക്കൂ, രാജവാഴ്ച തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍), സി.പി.എന്‍-യൂണിഫൈഡ് സോഷ്യലിസ്റ്റ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും രാജവാഴ്ച വിരുദ്ധ സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.
ജനകീയ മുന്നേറ്റത്തെതുടര്‍ന്ന് 2008ല്‍ നിര്‍ത്തലാക്കപ്പെട്ട രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ അനുയായികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാഠ്മണ്ഡു, പൊഖാറ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലി നടത്തിവരികയാണ്.
2002ല്‍ തന്റെ മൂത്ത സഹോദരന്‍ ബീരേന്ദ്ര ബീര്‍ ബിക്രം ഷായും കുടുംബവും കൊട്ടാരത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് 77കാരനായ ഗ്യാനേന്ദ്ര നേപ്പാളിന്റെ രാജാവായത്. 2005 വരെ രാഷ്ട്രീയ അധികാരങ്ങളില്ലാതെ ഭരണഘടനാപരമായ രാഷ്ട്രത്തലവനായിഅദ്ദേഹം നേപ്പാളില്‍ ഭരണം നടത്തിയിരുന്നു.
ഇതിനിടെ മാവോയിസ്റ്റ് വിമതരെ പരാജയപ്പെടുത്താന്‍ എന്ന വ്യാജേന ഗ്യാനേന്ദ്ര ഷാ നേപ്പാളിന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തു. പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട ഷാ, രാജ്യത്തെ രാഷ്ട്രീയക്കാരെയും പത്രപ്രവര്‍ത്തകരെയും ജയിലിലടയ്ക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം ഭരിക്കാന്‍ സൈന്യത്തെ ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് നേപ്പാളിലെ രാജവാഴ്ചാഭരണം താഴെ വീണത്. 2006ല്‍ഗ്യാനേന്ദ്ര സഖ്യസര്‍ക്കാരിന് ഭരണം കൈമാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജഭരണം പുനഃസ്ഥാപിക്കണമെന്നാണ് നേപ്പാളിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
സമരത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രംഗത്തെത്തിയിരുന്നു. ജനാധിപത്യം ഒരു ഹൈവേ പോലെയാണെന്നും ജനാധിപത്യത്തിന് ‘റിവേഴ്‌സ് ഗിയര്‍’ ഇല്ലെന്നും അതിന് ഇടയ്ക്കിടെയുള്ള തിരിവുകള്‍ മാത്രമേ ഉള്ളുവെന്നും ശര്‍മ ഒലി പ്രതികരിച്ചിരുന്നു.
റോഡില്‍ മൂര്‍ച്ചയുള്ള തിരിവുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ചിലപ്പോള്‍ റിവേഴ്‌സ് ഗിയര്‍ പ്രയോഗിക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Civil unrest in Nepal; Clashes between royalist supporters and police