national news
ഇന്ത്യയിലെ പൊലീസുകാരിൽ 25% പേരും ആൾക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നു, 18% പേർ മുസ്‌ലിങ്ങളിൽ ക്രിമിനൽ വാസനയുണ്ടെന്ന് വിശ്വസിക്കുന്നു; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Saturday, 29th March 2025, 6:43 am

ന്യൂദൽഹി: ഇന്ത്യയിലെ പൊലീസുകാരിൽ 25% പേരും ആൾക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നുവെന്നും 18% പേർ മുസ്‌ലിങ്ങളിൽ ക്രിമിനൽ വാസനയുണ്ടെന്ന് വിശ്വസിക്കുന്നതായും റിപ്പോർട്ട്. കോമൺ കോസ് എന്ന എൻ‌.ജി‌.ഒയും സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാമും സംയുക്തമായി നടത്തിയ റിസേർച്ചിലാണ് ഈ വിവരങ്ങൾ ഉള്ളത്.

റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പൊലീസുകാരിൽ നാലിൽ ഒരാൾ, ഗുരുതരമായ വിഷയങ്ങളിൽ ജനക്കൂട്ടം ഇടപെടണമെന്നും ആൾക്കൂട്ട നീതി നടപ്പാക്കുന്നതാണ് ശരിയെന്നും വിശ്വസിക്കുന്നു. കൊടും കുറ്റവാളികളെ നിയമപരമായ വിചാരണക്ക് വിധേയരാക്കുന്നതിനേക്കാൾ നല്ലത് കൊല്ലുന്നതാണെന്ന് 22 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.

17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 82 സ്ഥലങ്ങളിലായി 8,276 സീനിയർ, ജൂനിയർ പൊലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. കൂടാതെ പൊലീസുമായും കസ്റ്റഡിയിലുള്ള ആളുകളുമായും ഇടപഴകുന്ന ജോലികൾ ചെയ്യുന്ന ഡോക്ടർമാർ, അഭിഭാഷകർ, ജഡ്ജിമാർ എന്നിവരുമായുള്ള അഭിമുഖങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

മുൻ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ, അഭിഭാഷകയും ആക്ടിവിസ്റ്റുമായ വൃന്ദ ഗ്രോവർ, പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. അമർ ജയ്‌സാനി, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ പ്രകാശ് സിങ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

സർവേയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരിൽ 30 ശതമാനം പേരും ‘ഗുരുതരമായ’ കേസുകളിൽ മൂന്നാം മുറ രീതികൾ ഉപയോഗിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നു. അതേസമയം ഒമ്പത് ശതമാനം പേർ ചെറിയ കുറ്റകൃത്യങ്ങളിൽ പോലും മൂന്നാം മുറ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലുകൾ കൈകാര്യം ചെയ്യുന്നവരുമാണ് പീഡനത്തെ ഏറ്റവും കൂടുതൽ അനുകൂലിച്ചത്.

പ്രതിയുടെ കുടുംബാംഗങ്ങളെ മർദിക്കുന്നത് ശരിയായ നടപടിയാണെന്ന് 11 ശതമാനം പേർ വിശ്വസിക്കുമ്പോൾ, അത്യാവശ്യ ഘട്ടങ്ങളിൽ ചിലപ്പോഴൊക്കെ പ്രതിയുടെ കുടുംബത്തെയും മർദിക്കാമെന്ന് 30 ശതമാനം പേർ പറയുന്നു. കൂടാതെ, ‘സഹകരിക്കാത്ത’ സാക്ഷികളെ അടിക്കുന്നതിനെ 25 ശതമാനം പേർ പിന്തുണച്ചു. ഒമ്പത് ശതമാനം പേർ അവർക്കെതിരെ മൂന്നാം മുറ രീതികൾ ഉപയോഗിക്കുന്നതിനെയും പിന്തുണക്കുന്നു.

തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ശരിയായി നിർവഹിക്കുന്നതിന് വേണ്ടി ആക്രമണങ്ങളും ബലപ്രയോഗവും നടത്താമെന്ന് ഭൂരിഭാഗമാ പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

1948ൽ തന്നെ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ അഞ്ചിൽ പീഡനം പൂർണമായും നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമാണെന്ന് സർവേയിൽ പങ്കെടുത്തവർ പറഞ്ഞു. മുസ്‌ലിങ്ങൾ, ദളിതർ, ആദിവാസികൾ, എഴുതാനും വായിക്കാനും അറിയാത്തവർ, ചേരി നിവാസികൾ എന്നിവരാണ് പീഡനത്തിന് ഇരയാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

പതിനെട്ട് ശതമാനം പൊലീസ് ഉദ്യോഗസ്ഥരും കരുതുന്നത് മുസ്‌ലിങ്ങളിൽ ക്രിമിനൽ വാസനയുണ്ടെന്നാണ്. അതേസമയം അറസ്റ്റിലായവരുടെ വൈദ്യപരിശോധന പലപ്പോഴും ഫോറൻസിക് മെഡിസിനിൽ വൈദഗ്ധ്യമില്ലാത്ത ഡോക്ടർമാരാണ് നടത്തുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. പീഡനത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അവർക്ക് കഴിയില്ല. ലഭ്യമായ ഏതെങ്കിലും ഒരു ഡോക്ടറാവും പരിശോധന നടത്തുന്നത്. ചിലപ്പോൾ കണ്ണ് രോഗ വിദഗ്ദ്ധൻ, അനസ്തേഷ്യോളജിസ്റ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡോക്ടർമാരാകാം പരിശോധന നടത്തുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഫോറൻസിക് ഡോക്ടർമാരില്ലെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.

കസ്റ്റഡി മരണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 2020ൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 76 കസ്റ്റഡി മരണ കേസുകൾ റിപ്പോർട്ട് ചെയ്തു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ 90 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം സിവിൽ സൊസൈറ്റി സംരംഭമായ നാഷണൽ കാമ്പെയ്ൻ എഗൈൻസ്റ്റ് ടോർച്ചർ അതേ വർഷം 111 കസ്റ്റഡി മരണ കേസുകൾ റിപ്പോർട്ട് ചെയ്തു.

 

Content Highlight: Nearly 25% of India cops back mob violence, 18% think Muslims naturally prone to crime: Report