തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ സ്വാധീനിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് അലംഭാവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും, പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ജനകീയ പ്രശ്‌നത്തില്‍ തങ്ങള്‍ മിണ്ടാതിരിക്കണോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
‘10,000 കുടുംബങ്ങളെ വിഷയം ബാധിക്കും. 2.5 ഹെക്ടര്‍ ഭൂമിയെ ഇത് ബാധിക്കും. സ്ഥലത്തിന് വലിയ വിലയുള്ള കേരളത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത പ്രശ്‌നം ഇതുമുഖേനെയുണ്ടാകും. ദുരന്തമായി സര്‍ക്കാരിന്റെ തീരുമാനം പെയ്തിറങ്ങും. അതിനെയാണ് സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?
2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആര്‍ക്ക് വേണ്ടി?
3.ഉപഗ്രഹ സര്‍വെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ്?
4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്…?
5. ആഗസ്റ്റ് 29ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തിവെച്ചത് എന്തിന്?, എന്നീ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
പ്രതിക്ഷവുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായില്ല. മാനുവല്‍ സര്‍വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്. വിദഗ്ധ സമിതി എന്ത് ചെയ്‌തെന്ന് പോലും സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും മുന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും എന്ന് ഉത്തരവില്‍ പറഞ്ഞതല്ലാതെ വിദഗ്ധ സമിതി ഒന്നും ചെയ്തില്ല. ദുരൂഹത നിറഞ്ഞ ഉത്തരവാദിത്തം ഇല്ലായ്മയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
മൂന്ന് മാസത്തെ കാലാവധിയുള്ള വിദഗ്ധ സമിതിക്ക് ആനൂകൂല്യം നിശ്ചയിക്കുന്നത് രണ്ടര മാസത്തിന് ശേഷമാണ്, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത് ഒരു താല്‍പര്യവും ഇല്ലാതെയാണ്. പരമാവധി മൂന്നാഴ്ച കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണ് സര്‍ക്കാര്‍ വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബഫര്‍സോണ്‍ വിഷയത്തില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ബുധനാഴ്ച വൈകീട്ട് യു.ഡി.എഫിന്റെ സമര പ്രഖ്യാപനം മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിഷയത്തില്‍ യി.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധിച്ചു.