റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കണം; ബി.ജെ.പിയുടെ ആവശ്യം തള്ളി വരുണ്‍ ഗാന്ധി
national news
റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കണം; ബി.ജെ.പിയുടെ ആവശ്യം തള്ളി വരുണ്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2024, 8:15 am

ലഖ്‌നൗ: റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി വരുണ്‍ ഗാന്ധി. ഒരാഴ്ചയിലേറെയായി പാര്‍ട്ടിയുടെ ആവശ്യത്തില്‍ ചര്‍ച്ച നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ ആവശ്യം വരുണ്‍ ഗാന്ധി നിരസിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രിയങ്കക്കെതിരെ വരുണ്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്.

തെരഞ്ഞെടുപ്പ് തമാശ അല്ലെന്ന് വരുണ്‍ ഗാന്ധി ബി.ജെ.പി നേതൃത്വത്തോട് തുറന്നടിച്ചെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം എടുക്കാന്‍ വരുണ്‍ ഗാന്ധി പാര്‍ട്ടിയോട് സമയം ആവശ്യപ്പെട്ടിരുന്നു. പിലിഭിത്തില്‍ നിന്ന് ഇത്തവണ ബി.ജെ.പി വരുണ്‍ ഗാന്ധിക്ക് ടിക്കറ്റ് നിഷേധിച്ചിരുന്നു.

എന്നാൽ റായ്ബറേലിയിലും അമേഠിയിലും കോൺ​ഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെ യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇത്തവണ ഉത്തര്‍പ്രദേശ് മന്ത്രി ജിതിന്‍ പ്രസാദയെയാണ് ബി.ജെ.പി പിലിഭിത്തില്‍ നിന്ന് മത്സരിപ്പിച്ചത്.

പിലിഭിത്തില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് വൈകാരികമായ കത്ത് പങ്കുവെച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സീറ്റ് നല്‍കിയില്ലെങ്കിലും പിലിഭിത്തില്‍ തന്നെ തുടരുമെന്ന് വരുണ്‍ ഗാന്ധി കത്തില്‍ പറഞ്ഞു.

എന്ത് വില നല്‍കേണ്ടി വന്നാലും പിലിഭിത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014ലും 2019ലും പിലിഭിത്തില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച വരുണ്‍ ഗാന്ധി ആയിരുന്നു വിജയിച്ചത്.

Content Highlight: Varun Gandhi, has rejected bjp offer to contest the Lok Sabha Elections in Rae Bareli