മെസി കപ്പുയര്‍ത്തണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചു; വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ജയം കൃത്രിമം: വാന്‍ ഗാല്‍
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കൃത്രിമം നടത്തിയാണ് ചാമ്പ്യന്മാരായതെന്ന് മുന്‍ നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ ലൂയിസ് വാന്‍ ഗാല്‍. ലയണല്‍ മെസിക്ക് വേള്‍ഡ് കപ്പ് ഉയര്‍ത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും ക്വര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നില്ലെന്നും വാന്‍ ഗാല്‍ പറഞ്ഞു. ഡച്ച് ഔട്ട്‌ലെറ്റായ എന്‍.ഒ.എസിനോടാണ് വാന്‍ ഗാല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അര്‍ജന്റീന എങ്ങനെയാണ് ഗോളുകള്‍ നേടിയതെന്നും ഞങ്ങള്‍ക്ക് എങ്ങനെയാണ് ഗോള്‍ ലഭിച്ചതെന്നും നോക്കിയാല്‍ നിങ്ങള്‍ക്കത് മനസിലാകും. അര്‍ജന്റീനയുടെ ചില താരങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ട് പോലും അവര്‍ക്കതിനുള്ള ശിക്ഷ ലഭിച്ചില്ല. മുന്‍കൂട്ടി നിശ്ചയിച്ച മത്സരമാണെന്നാണ് ഞാന്‍ മനസിലാക്കിയത്.
ഡച്ച് ഫുട്‌ബോളിന് വാന്‍ ഗാല്‍ നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹത്തെ അവാര്‍ഡ് നല്‍കി ആദരിക്കുന്ന ചടങ്ങിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. വേള്‍ഡ് കപ്പില്‍ കൃത്രിമം നടത്തി എന്ന് പറഞ്ഞതില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഖത്തര്‍ ലോകകപ്പ് മെസിക്ക് കിരീടമുയര്‍ത്താന്‍ നേരത്തെ ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഞാന്‍ പറഞ്ഞതെല്ലാം എനിക്ക് നിശ്ചയമുള്ള കാര്യങ്ങളാണ്. മെസി ലോക ചാമ്പ്യനാകാന്‍ വേണ്ടി സംഭവിച്ചതാണ് ഇതെല്ലാം. ലോകകപ്പില്‍ നടന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പറഞ്ഞ് ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല,’ വാന്‍ ഗാല്‍ പറഞ്ഞു.
നേരത്തെ ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോട്ട് ഡിബേറ്റിലും മെസിയെ വിലകുറച്ച് വാന്‍ ഗാല്‍ സംസാരിച്ചിരുന്നു. കരിയറില്‍ നേടിയ ടൈറ്റിലുകള്‍ വെച്ചുനോക്കുമ്പോള്‍ മെസിയെക്കാള്‍ മുന്നില്‍ റൊണാള്‍ഡോയാണെന്നും എന്നാല്‍ മെസിക്കാണ് വ്യക്തിഗത അവാര്‍ഡുകള്‍ കൂടുതലുള്ളതെന്നും വാന്‍ ഗാല്‍ പറഞ്ഞു. ക്രിസ്റ്റ്യാനോ ഒരു ടീം പ്ലെയറാണെന്നും അങ്ങനെ നോക്കുമ്പോള്‍ ഒരു വ്യക്തിഗത താരത്തെക്കാള്‍ ടീം പ്ലെയറെയാണ് താന്‍ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
‘മെസി മികച്ച ഫുട്ബോള്‍ കളിക്കാരനായിരിക്കും. പക്ഷെ ടീമായി കളിക്കുന്നതിലാണ് മിടുക്ക്,’ വാന്‍ ഗാല്‍ പറഞ്ഞു.
Content Highlights: Van Gaal claims World Cup was rigged to help Messi win the trophy