ന്യൂദല്‍ഹി: നേപ്പാളിന്റെ ടിബറ്റന്‍ അതിര്‍ത്തിയില്‍ 7.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യന്‍ സംസ്ഥാനങ്ങളായ ബീഹാര്‍, അസം എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളില്‍ സ്ഥിരമായി ഭൂചലനങ്ങള്‍ ഉണ്ടാവുന്ന പ്രദേശത്ത് തന്നെയാണ് ഇത്തവണയും ഭൂചലനം ഉണ്ടായതെന്നാണ് വിവരം.
അതേസമയം ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബീഹാറിലനുഭവപ്പെട്ട പ്രകമ്പനത്തില്‍ ജനങ്ങള്‍ വീടുകളില്‍ നിന്നും അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. നേപ്പാളിലും സമാനമായ രീതിയില്‍ ഭൂചലനത്തെത്തുടര്‍ന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലെ താമസക്കാര്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയിട്ടുണ്ട്.
2015ല്‍ നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9,000 പേര്‍ കൊല്ലപ്പെടുകയും 10 ലക്ഷം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
നവംബറില്‍ ജമ്മു കശ്മീരില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഡിസംബറില്‍ തെലങ്കാനയില്‍ 5.3 തീവ്രതയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അന്നും ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഇന്ത്യയിലെ ഭൂകമ്പ മേഖലകളെ അവയുടെ തീവ്രത അനുസരിച്ച് നാലായാണ് തരം തിരിച്ചിരിക്കുന്നത്. സോണ്‍ V, സോണ്‍ IV, സോണ്‍ III, സോണ്‍ II. ഇതില്‍ ഏറ്റവും തീവ്രത കൂടിയ പ്രദേശങ്ങളാണ് സോണ്‍ Vല്‍ ഉള്‍പ്പെടുന്നത്.
രാജ്യത്തിന്റെ ഏകദേശം 11 ശതമാനം പ്രദേശങ്ങളും സോണ്‍ Vലും 18 ശതമാനം സോണ്‍ IVലും 30 ശതമാനത്തോളം പ്രദേശം സോണ്‍ IIIലും ബാക്കിയുള്ളത് സോണ്‍ IIലും ഉള്‍പ്പെടുന്നു.