എല്ലാം എന്റെ തെറ്റ്, ഞാന്‍ കാരണമാണ് അവന്‍... ബുംറയുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് സാം കോണ്‍സ്റ്റസ്
Sports News
എല്ലാം എന്റെ തെറ്റ്, ഞാന്‍ കാരണമാണ് അവന്‍... ബുംറയുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് സാം കോണ്‍സ്റ്റസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th January 2025, 7:54 am

സംഭവ ബഹുലമായിരുന്നു ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റ്. സ്‌കോട് ബോളണ്ടിന്റെ ടെന്‍ഫറും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പാറ്റ് കമ്മിന്‍സിന്റെ 200 വിക്കറ്റ് നേട്ടവും രോഹിത്തിന്റെ അഭാവത്തില്‍ ബുംറയും ബുംറയുടെ അഭാവത്തില്‍ വിരാട് കോഹ്‌ലിയും ക്യാപ്റ്റനായതുമെല്ലാമായി മികച്ച അനുഭവമാണ് സിഡ്‌നി ടെസ്റ്റ് ഓരോ ക്രിക്കറ്റ് ആരാധകനും നല്‍കിയത്.

ഓസ്‌ട്രേലിയന്‍ യുവതാരം സാം കോണ്‍സ്റ്റസും ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുമായുള്ള തര്‍ക്കവും മത്സരത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസം തന്നെയാണ് ബുംറയും കോണ്‍സ്റ്റസും പരസ്പരം വാളെടുത്തത്.

ആദ്യ ദിവസം തന്നെ ഇന്ത്യയെ ഓള്‍ ഔട്ടാക്കി ആതിഥേയര്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയിരുന്നു. അന്ന് വെറും മൂന്ന് ഓവറുകള്‍ മാത്രമാണ് ഓസ്ട്രേലിയ ബാറ്റ് ചെയ്തത്. എന്നാല്‍ ഭാവിയില്‍ ഓര്‍ത്തുവെക്കപ്പെടാന്‍ സാധിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും ആ ദിവസം പിറവിയെടുത്തിരുന്നു.

ആദ്യ ദിനത്തിലെ അവസാന ഓവറിലാണ് കോണ്‍സ്റ്റസ് ബുംറയുമായി കൊരുത്തത്. പന്തെറിയാനെത്തിയ ബുംറയോട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന കോണ്‍സ്റ്റസ് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ബുംറ താരത്തെ ദേഷ്യത്തോടെ തുറിച്ചുനോക്കുകയും ചെയ്തു. ഫീല്‍ഡ് അമ്പയര്‍മാര്‍ രംഗം കൂടുതല്‍ വഷളാകാതെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

വാക്കുകളിലൂടെയല്ല, പന്തുകൊണ്ടാണ് ബുംറ കോണ്‍സ്റ്റസിനുള്ള മറുപടി നല്‍കിയത്. സ്‌ട്രൈക്കിലുണ്ടായിരുന്ന ഖവാജയെ മടക്കി ബുംറ ഓസ്‌ട്രേലിയയുടെ ആദ്യ രക്തം ചിന്തി. പത്ത് പന്തില്‍ രണ്ട് റണ്‍സുമായി നില്‍ക്കവെ സിഡ്നിയുടെ ഹോം ടൗണ്‍ ഹീറോയെ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചാണ് ബുംറ പുറത്താക്കിയത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയാണ് സാം കോണ്‍സ്റ്റസ്. തന്റെ തെറ്റ് മൂലമാണ് ഉസ്മാന്‍ ഖവാജ പുറത്തായതെന്നും ബുംറ വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും കോണ്‍സ്റ്റസ് പറഞ്ഞു.

ട്രിപ്പിള്‍ എം ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉസി പുറത്തായി. അത് എന്റെ തെറ്റായിരുന്നു. ക്രീസില്‍ കുറച്ചുനേരം ഉറച്ചുനില്‍ക്കാനാണ് ഖവാജ ശ്രമിച്ചത്. ഇതിന്റെ എല്ലാ ക്രെഡിറ്റും ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയ്ക്ക് തന്നെയുള്ളത്. എന്നിരുന്നാലും ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു,’ കോണ്‍സ്റ്റസ് പറഞ്ഞു.

സിഡ്‌നിയിലെ ഈ പിങ്ക് ടെസ്റ്റിന് തന്റെ ജീവിതത്തില്‍ സുപ്രധാന സ്ഥാനമുണ്ടായിരിക്കുമെന്നും അഭിമുഖത്തില്‍ കോണ്‍സ്റ്റസ് വ്യക്തമാക്കി.

‘വളരെ മികച്ച ഒരു നിമിഷമായിരുന്നു. ഞങ്ങള്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം നല്‍കിയെന്നാണ് പ്രതീക്ഷിക്കുന്നത്. ലുക്കീമിയ മൂലമാണ് എന്റെ കസിന്‍ മരണപ്പെട്ടത്. കുടലിലെ കാന്‍സറുമായുള്ള പോരാട്ടത്തില്‍ എന്റെ മുത്തച്ഛനും പരാജയപ്പെട്ടിരുന്നു. ഞങ്ങള്‍ കാന്‍സറിനെ കുറിച്ച് കൂടുതല്‍ അവബോധം ജനിപ്പിക്കുമെന്നും ചികിത്സകള്‍ക്ക് സഹായിക്കുമെന്നും തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ കോണ്‍സ്റ്റസ് പറഞ്ഞു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം പിങ്ക് ടെസ്റ്റായാണ് ഓസ്‌ട്രേലിയ കളിച്ചത്. ഒരു കലണ്ടര്‍ ഇയറിലെ തങ്ങളുടെ ആദ്യ മത്സരം പിങ്ക് ടെസ്റ്റായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കളിക്കുക. മഗ്രാത് ഫൗണ്ടേഷനുമായി ചേര്‍ന്ന് ബ്രെസ്റ്റ് കാന്‍സറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയ പിങ്ക് ടെസ്റ്റ് കളിക്കാറുള്ളത്.

തങ്ങളുടെ പരമ്പരാഗത ബാഗി ഗ്രീന്‍ തൊപ്പിക്ക് പകരം ബാഗി പിങ്കാണ് ഓസ്‌ട്രേലിയ ധരിക്കാറുള്ളത് എന്നതും പിങ്ക് ടെസ്റ്റിന്റെ മാത്രം പ്രത്യേകതയാണ്.

മുന്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസുമായ ഗ്ലെന്‍ മഗ്രാത്തിന്റെ ചാരിറ്റി ഓര്‍ഗനൈസേഷനാണ് മഗ്രാത് ഫൗണ്ടേഷന്‍. അദ്ദേഹത്തിന്റെ പങ്കാളിയായ ജെയ്ന്‍ മഗ്രാത് ഇത്തരത്തില്‍ സ്തനാര്‍ബുദം ബാധിച്ചാണ് മരണപ്പെട്ടത്. കാന്‍സര്‍ ബാധിതര്‍ക്ക് വൈദ്യസഹായമുള്‍പ്പെടെയുള്ള സേവനങ്ങളാണ് മഗ്രാത് ഫൗണ്ടേഷനിലൂടെ നല്‍കപ്പെടുന്നത്.

 

 

Content highlight: Sam Konstas about clash with Jasprit Bumrah at Sydney