കല്‍പ്പറ്റ: മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീല്‍ വൈത്തിരിയില്‍ പൊലീസ് വെടിവെപ്പിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ സെഷന്‍സ് കോടതി.
വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു കൊല്ലപ്പെട്ട ജലീലിന്റെ ബന്ധുക്കള്‍ പാരാതി നല്‍കിയിരുന്നത്. ഏറ്റുമുട്ടലിന് പൊലീസ് ഉപയോഗിച്ച ആയുധങ്ങള്‍ തിരികെയാവശ്യപ്പെട്ട് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ചീഫ് നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ ഈ ഉത്തരവ്.
2019 മാര്‍ച്ച് 6 ന് സി.പി ജലീല്‍ കൊല്ലപ്പെട്ട ദിവസം തന്നെ സംഭവത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ് വയനാട് എസ്.പിക്ക് പരാതി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പരാതിയിന്മേല്‍ അന്വേഷണം നടക്കാത്തതിനാല്‍ സംഭവത്തിന്മേല്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സി.പി ജലീലിന്റെ കുടുംബം 2019 ജൂലൈ മാസത്തില്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.
ഇതിനിടയിലാണ് ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധന കഴിഞ്ഞതിനാല്‍ അവ തിരികെ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അപേക്ഷ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം കേസ്സില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരിലേക്ക് തന്നെ ആയുധങ്ങള്‍ തിരികെയെത്തുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് കേസ്സില്‍ ജലീലിന്റെ ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ലൈജു വി.ജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പൊലീസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് വൈത്തിരിയില്‍ നടന്നത് പൊലീസിന്റെ ഏകപക്ഷീയമായ കൊലപാതകമാണന്നത് തെളിയിക്കാനുള്ള ഈ നിയമപോരാട്ടത്തില്‍ പ്രതീക്ഷയുളവാക്കുന്നതാണെന്ന് സി.പി റഷീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
2019 മാര്‍ച്ച് 6 നായിരുന്നു വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് രാത്രി 9 മണിയോടെ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ പോലീസിന്റെ വെടിയറ്റ് കൊല്ലപ്പെട്ടത്.
സി.പി ജലീലിന്റെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഉണ്ടന്നും ഇവ പുറത്ത് കൊണ്ടുവരാന്‍ ഒരു ജില്ലാ ജഡ്ജി അധ്യക്ഷനായ അന്വേഷണ കമ്മറ്റി ഉണ്ടാക്കണമെന്നും നേരത്തെ തന്നെ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ മരണത്തില്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ നിലപാട് ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
വൈത്തിരിയില്‍ നടന്നത് ഏറ്റുമുട്ടലാണോ എന്നത് പരിശോധിക്കാനായി ജനകീയ തെളിവെടുപ്പ് നടത്താനായി സംഭവസ്ഥലത്തെത്തിയിരുന്ന പത്തംഗ മനുഷ്യാവകാശ പ്രവര്‍ത്തക സംഘത്തെ പോലീസ് ഉപവന്‍ റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല. തെളിവ് നശിക്കാന്‍ സാധ്യതയുള്ളതിനാല്‍ റിസോര്‍ട്ടില്‍ ആരെയും പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിന് നല്‍കിയ വിശദീകരണം.
തുടര്‍ന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ വൈത്തിരി സംഭവത്തില്‍ കേരള പൊലീസ് പാലിക്കുന്നില്ല എന്ന ആരേപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.
വ്യാജ ഏറ്റുമുട്ടല്‍ സംശയങ്ങള്‍ ഉയരുന്ന സംഭവങ്ങളില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിരിക്കെ വൈത്തിരി സംഭവത്തില്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകള്‍ക്കെതിരെ മാത്രമായിരുന്നു അന്ന് കേസെടുത്തിരുന്നത്.
1995 നും 1997 നുമിടയില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളിലൂടെ മുംബൈ പൊലീസ് 135 പേരെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ പി.യു.സി.എല്‍ എന്ന മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ ആര്‍.എം ലോധ, റോഹിന്‍ടന്‍ നരിമാന്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ച് 16 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ രണ്ടാമതായാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിനെ കുറിച്ച് പറയുന്നത്.
ഏറ്റുമട്ടലില്‍ മരണം സംഭവിച്ചെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേകം അന്വേഷിക്കണമെന്നാണ് വ്യവസ്ഥ. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും അയക്കണം.
എന്നാല്‍ വൈത്തിരി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിന് നേരെ വെടിവച്ചതിനും റിസോര്‍ട്ട് ഉടമയുടെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും മാവോയിസ്റ്റുകള്‍ക്കെതിരെയാണ് കേസ്. പൊലീസിനെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക