Advertisement
national news
രാജ്യത്ത് പട്ടിക ജാതികള്‍ക്ക് ഉപസംവരണം നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി തെലങ്കാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 15, 08:50 am
Tuesday, 15th April 2025, 2:20 pm

ഹൈദരാബാദ്: രാജ്യത്ത് പട്ടിക ജാതികള്‍ക്ക് ഉപസംവരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന. സംസ്ഥാനത്തെ 15% പട്ടികജാതികാര്‍ക്കാണ് ഇതുവരെ സംവരണം ഉണ്ടായിരുന്നത്. ഇങ്ങനെ സംവരണാനുകൂല്യം ലഭിക്കുന്ന പട്ടികജാതിയിലെ 59 വിഭാഗങ്ങളെ മൂന്നായി തരംതിരിച്ചാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്.

ഭരണഘടന ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്ക്കറിന്റെ 134ാം ജന്മദിനത്തോടനുബന്ധിച്ചാണ് തെലങ്കാന സര്‍ക്കാര്‍ പട്ടിക ജാതി ഉപസംവരണം ഔദ്യോഗികമായി നടപ്പിലാക്കിയത്.

പട്ടികജാതി സമൂഹത്തിനുള്ളിലെ അസമത്വം പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ നിയമമെന്ന് തെലങ്കാന സര്‍ക്കാര്‍ പ്രതികരിച്ചു. ഈ തീരുമാനം ജാതി സെന്‍സസ് പൂര്‍ണ രീതിയില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതികരിച്ചു. 2026 ലെ സെന്‍സസില്‍ പട്ടികജാതി ജനസംഖ്യ വര്‍ദ്ധിച്ചാല്‍, അതിനനുസരിച്ച് സംവരണവും വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ സംവരണ ഉത്തരവ് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് വര്‍ഗീകരണം നടപ്പിലാക്കിയിരിക്കുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി ജനസംഖ്യയുടെ 3.2 ശതമാനം വരുന്ന ഗ്രൂപ്പ് ഒന്നിന്ന് ഒരു ശതമാനമാണ് സംവരണം. സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയുടെ 62.74 ശതമാനം വരുന്ന 18 ജാതികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടിന് ഒമ്പത് ശതമാനമാണ് സംവരണം. പട്ടികജാതി ജനസംഖ്യയുടെ 33.96 ശതമാനം വരുന്ന 26 ജാതികള്‍ക്ക് അഞ്ച് ശതമാനവുമാണ് സംവരണം.

നേരത്തേ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് പട്ടിക ജാതി സംവരണത്തിനുള്ളില്‍ ഉപസംവരണം നടപ്പാക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെത്തുടര്‍ന്നാണ് പുതിയ നീക്കം. ജോലികളിലും വിദ്യാഭ്യാസ മേഖലയിലും ഈ സംവരണനയം നടപ്പാക്കും.

ഇത് സംബന്ധിച്ച ബില്‍, കഴിഞ്ഞ മാസമാണ് തെലങ്കാന നിയമസഭ പാസാക്കിയത്.
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷമീം അക്തറിന്റെ നേതൃത്വത്തില്‍ പട്ടികജാതി ഉപവര്‍ഗീകരണത്തെക്കുറിച്ച് പഠിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷനാണ് പട്ടികജാതിയെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കണമെന്നും സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്നും ശുപാര്‍ശ ചെയ്തത്.

Content Highlight: Telangana becomes the first state in the country to implement sub-categorisation reservation for Scheduled Castes