ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളിൽ… എന്ന ഗാനം മൂളാത്ത മലയാളിയുണ്ടോ… ഈ യുഗ്മഗാനം ഉണര്‍ത്തിയ പ്രണയകാഴ്ചകള്‍ വര്‍ണനാതീതമാണ്. വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത വൈശാലി ഗുഹയിലേക്ക് ഇന്നും സഞ്ചാരികളുടെ തിരക്കാണ്. ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്.
അണക്കെട്ട് നിര്‍മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരാനായി പണിത ഗുഹയാണ് വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970 കളിലാണ് ഇതിന്റെ നിര്‍മാണം. ഗുഹയ്ക്ക് 550 മീറ്റര്‍ നീളമാണുള്ളത്. ഗുഹ വിസ്മൃതിയിലാണ്ട് കിടക്കുമ്പോള്‍ 1988ലാണ് ഭരതന് അദ്ദേഹത്തിന്റെ വൈശാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഋഷ്യശൃംഗന്റെ പര്‍ണശാലയ്ക്കടുത്തുള്ള ഗുഹയാണ് സിനിമയുടെ ചിത്രീകരണത്തിനുശേഷം ‘വൈശാലി ഗുഹ’ എന്ന പേരില്‍ അറിയപ്പെടുന്നത്.
കുറവന്‍ മലകളില്‍നിന്ന് അര മണിക്കൂര്‍ നടന്നാല്‍ വൈശാലി ഗുഹയിലെത്താം. ഒരിക്കലും കണ്ടാല്‍ മതിവരാത്ത കാഴ്ചകളുടെ വിരുന്നാണ് വൈശാലി ഗുഹയില്‍ പ്രകൃതി ഒരുക്കിയിരിക്കുന്നത്. പ്രദേശത്തേക്ക് ഒഴുകിയെത്തുന്ന കാറ്റ് ചുട്ടുപൊള്ളുന്ന വേനല്ച്ചൂടില്പോലും ഇവിടെ കുളിരണിയിക്കുന്നു.
തൊടുപുഴ- ഇടുക്കി റോഡിൽ പൈനാവ് സിവിൽ സ്റ്റേഷൻ കഴിഞ്ഞാൽ ഇടത്തോട്ട് (കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴി) പോയാൽ മനോഹരമായ പച്ച പുൽമേടുകൾ കൊണ്ട് പൊതിഞ്ഞ വൈശാലി മലയിൽ എത്തിച്ചേരാം.കയറ്റത്തിന്റെ തുടക്കത്തിലുള്ള നല്ല റോഡുകൾ മാറി പിന്നീട് കരിമ്പാറക്കൂട്ടങ്ങളുടെ ഓരത്തുകൂടി, പച്ചപുൽമേടുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ ഓഫ് റോഡ് പ്രതീതി തരുന്ന ഒരു യാത്ര തന്നെയായിരിക്കും എന്നതിൽ സംശയമില്ല.
ദൂരത്തുള്ള ഇടുക്കി ജലാശയ കാഴ്ച്ചയും, മഞ്ഞിൽ പൊതിഞ്ഞ താഴ്വരകളും, തല ഉയർത്തി നിൽക്കുന്ന പശ്ചിമഘട്ട മലനിരകളും എന്നിങ്ങനെ പോകുന്നു മുകളിൽ നിന്നുള്ള കാഴ്ച്ചകൾ.
പ്രകൃതിയുടെ കണ്ടു തീർക്കാനാവാത്ത വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ച വശ്യമായ സൗന്ദര്യം നമ്മുടെ കണ്ണുകളെ കൊതിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.