Dalit Life and Struggle
വടയമ്പാടി ജാതി മതില്‍ വിരുദ്ധ സമരം: പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 29, 06:43 am
Monday, 29th January 2018, 12:13 pm

പുത്തന്‍കുരിശ്: വടമ്പാടിയില്‍ എന്‍.എസ്.എസ്സിന്റെ ഭൂമി കയ്യേറ്റത്തിനെതിരായ സമരത്തിനെതിരെ നടന്ന പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടയമ്പാടിയിലെ ദളിത് സമര നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. മീഡിയാവണ്‍ ചാനലാണ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കെ.പി.എം.എസ് കുന്നത്തുനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഐ ശശിധരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഘര്‍ഷാവസ്ഥ ഇല്ലാത്ത സന്ദര്‍ഭത്തിലാണ് പൊലീസ് ശശിധരനെ വളഞ്ഞ് വെച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നത്.

വടയമ്പാടി സമരസമിതി കണ്‍വീനറായ ശശിധരനെ ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കെ.പി.എം.എസ് ഓഫീസിന്റെ മുന്നില്‍ നിന്നും റോഡില്‍ വെച്ചും മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു പൊലീസ് സംഘം.

നേരത്തേ സമരവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയേയും അനന്തു രാജഗോപാലിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് ജയിലിലായിരുന്ന ഇവര്‍ക്ക് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്.

കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയും സമരത്തില്‍ ഉള്ളവരെല്ലാം മാവോയിസ്റ്റുകള്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും സമരത്തെ തകര്‍ക്കുവാനാണ് പൊലീസ് ലക്ഷ്യമിടുന്നത് എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വീഡിയോ കടപ്പാട്: മീഡിയാവണ്‍