'ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ വി.ടി. ബല്‍റാം
Kerala News
'ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 3:50 pm

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കലാപാഹ്വാനക്കേസില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. എം.എന്‍. വിജയന്റെ ‘ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും’ എന്ന പ്രസ്താവന പങ്കുവെച്ചായിരുന്നു
ബല്‍റാമിന്റെ പ്രതികരണം.

‘ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും
എം.എന്‍. വിജയന്‍ എന്ന ‘മികച്ച കലാലയാധ്യാപകന്‍’ ഒരിക്കല്‍ പറഞ്ഞതാണത്രേ ഇങ്ങനെ!
അദ്ദേഹത്തിന്റെ ശിഷ്യനായ മറ്റൊരു വിജയന് ഒരിക്കലും മനസ്സിലാവാത്ത ഒരു പാഠഭാഗമായിരുന്നു അത് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു,’ വി.ടി. ബല്‍റാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നടത്തിയെന്ന പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്. അടൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഓഗസ്റ്റ് 16നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കേസിനാധാരമായ പോസ്റ്റിട്ടത്. മുസ്‌ലിം നാമധാരികളായ സഖാക്കളെ സി.പി.ഐ.എം എന്തിന് ബലി കൊടുക്കുന്നു എന്ന തലക്കട്ടോടുകൂടിയായിരുന്നു പോസ്റ്റ്. രാഷ്ട്രീയം പറയാന്‍ തന്നെയാണ് തീരുമാനമെന്നും കേസെടുത്ത് പിന്തിരിപ്പിക്കാനുള്ള ശ്രമം കയ്യിലിരിക്കട്ടെയെന്നും കേസെടുത്തതിന് പിന്നാലെ രാഹുല്‍ പ്രതികരിച്ചു.