Advertisement
Kerala News
'ദന്തഗോപുരങ്ങളിലിരുന്ന് പുച്ഛിച്ചോളൂ'; ഉപരോധദിവസം ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 16, 03:06 am
Sunday, 16th March 2025, 8:36 am

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്ന ദിവസത്തില്‍ പരിശീലന പരിപാടി നിശ്ചയിച്ച് ഉത്തരവിറക്കിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. സര്‍ക്കാരിന്റെ സമീപനം എന്തൊരു നാണം കെട്ടതാണെന്ന് വി.ടി. ബല്‍റാം പറഞ്ഞു.

പരിപാടിക്ക് പങ്കെടുക്കാതെ സമരത്തിന് പോയാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പറഞ്ഞ് ആശാ പ്രവര്‍ത്തകരെ സര്‍ക്കാര്‍ പേടിപ്പിക്കാന്‍ നോക്കുന്നുവെന്നും വി.ടി. ബല്‍റാം പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വി.ടി. ബല്‍റാമിന്റെ പ്രതികരണം.

‘തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ ആണയിടുന്ന ഒരു സര്‍ക്കാരാണിത്. നിങ്ങളുടെ കണ്ണില്‍ ആശാ വര്‍ക്കര്‍മാര്‍ ‘തൊഴിലാളികള്‍’ അല്ലായിരിക്കാം, വെറും ‘സ്‌കീം വര്‍ക്കര്‍മാര്‍’ ആയിരിക്കാം.

അവര്‍ക്ക് മാന്യമായ വേതനം നല്‍കേണ്ടത് നിങ്ങളുടെ ബാധ്യതയല്ല കേന്ദ്രത്തിന്റേതാണ് എന്ന വാദവും ഉണ്ടാകാം. അങ്ങോട്ടുമിങ്ങോട്ടും പഴി പറഞ്ഞും സമരം ചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധിയേക്കുറിച്ച് സംശയം ജനിപ്പിച്ചും ദന്തഗോപുരങ്ങളിലിരുന്ന് നിങ്ങള്‍ക്കവരെ പുച്ഛിക്കാം,’ വി.ടി. ബല്‍റാം പറഞ്ഞു.

പക്ഷേ ഒരു തൊഴില്‍ സമൂഹം അതിജീവനത്തിനായി സമരം നടത്തുമ്പോള്‍, അതിനെ പൊളിക്കാനാണ് നിങ്ങള്‍ അധികാരം ഇങ്ങനെ ദുരുപയോഗിക്കുന്നതെങ്കില്‍, അത് ഒരു ജനാധിപത്യപരമായ അധികാര പ്രയോഗമല്ല, ചരിത്രത്തില്‍ മറ്റ് പലയിടങ്ങളിലും കണ്ട ഫാഷിസ്റ്റ്/കമ്മ്യൂണിസ്റ്റ് രീതിയിലെ അടിച്ചമര്‍ത്തലാണെന്നും വി.ടി. ബല്‍റാം കൂട്ടിച്ചേര്‍ത്തു.

പക്ഷേ ഇതിനൊക്കെയുള്ള മറുപടി നിങ്ങള്‍ക്ക് ലഭിക്കുന്നത് ജനാധിപത്യത്തിലൂടെത്തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധ ദിവസം പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പരിശീലനമാണ് ആശാ പ്രവര്‍ത്തകര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ആശമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. സമരം ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് പരിശീലന പരിപാടി സംബന്ധിച്ച ഉത്തരവ് വരുന്നത്.

തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും വെച്ചാണ് പരിശീലന പരിപാടി നടക്കുക. എല്ലാ ആശ പ്രവര്‍ത്തകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ (മാര്‍ച്ച് 17)യാണ് ആശാ പ്രവര്‍ത്തകര്‍ ഉപരോധസമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

Content Highlight: V.T. Balram criticizes government for organizing training program for ASHA workers on the day of blockade