നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി ; ആരോപണവുമായി വി മുരളീധരന്‍
Kerala News
നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി ; ആരോപണവുമായി വി മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2019, 10:14 pm

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സി.പി.ഐ.എം മുന്‍ നേതാവുമായ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.

വധശ്രമത്തിനു പിന്നില്‍ തലശേരിയിലെ ജനപ്രതിനിധിക്കു പങ്കുണ്ടെന്ന് നസീര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യത്തിലുള്ള പൊലിസ് അന്വേഷണം വഴിമുട്ടിയതെന്നും മുരളീധരന്‍ തന്റെ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ നേതാവാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ടാണ് നസീര്‍ വധശ്രമം അന്വേഷണം മുടങ്ങിയത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രത്യേക താല്‍പര്യമാണ് ഇതിനു പിന്നില്‍ എന്നും അദ്ദേഹം ആരോപിച്ചു.

തങ്ങള്‍തന്നെ നടത്തിയ വിലയിരുത്തലുകളെയും ജനഹിതത്തെയും അല്‍പ്പമെങ്കിലും വിലവയ്ക്കുന്നെങ്കില്‍ നസീര്‍ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും അവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാനും സി.പി.ഐ.എമ്മും അവര്‍ നയിക്കുന്ന സര്‍ക്കാരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചന നടത്തിയെന്നും ഇതിനെക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞിരുന്നു.

മുരളീധരന്റെ പോസ്റ്റിന്റെ പുര്‍ണരൂപം,

നസീര്‍ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സി.പി.എം. മുന്‍ നേതാവുമായ സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി. തന്നെ വധിക്കാന്‍ നടന്ന ശ്രമത്തിനു പിന്നില്‍ തലശേരിയിലെ ജനപ്രതിനിധിക്കു പങ്കുണ്ടെന്ന് നസീര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യത്തിലുള്ള പൊലിസ് അന്വേഷണം വഴിമുട്ടിയത്.

മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ നേതാവാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ടാണ് നസീര്‍ വധശ്രമം അന്വേഷണം മുടങ്ങിയത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രത്യേക താല്‍പര്യമാണ് ഇതിനു പിന്നില്‍.

അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു എന്ന് വിലയിരുത്തുമ്പോള്‍തന്നെ മറുവശത്ത് അക്രമികളെ സംരക്ഷിക്കുന്നതിലൂടെ ജനഹിതത്തെ സി.പി.എം. വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ജനാഭിപ്രായത്തെ മാനിക്കാതെ മുന്നോട്ടുപോകുന്ന സി.പി.എം. ജനങ്ങളുടെ പാര്‍ട്ടിയല്ല ജനവിരുദ്ധ പാര്‍ട്ടയാണെന്ന് ഇതിലൂടെ തെളിയുന്നു.

തങ്ങള്‍തന്നെ നടത്തിയ വിലയിരുത്തലുകളെയും ജനഹിതത്തെയും അല്‍പ്പമെങ്കിലും വിലവയ്ക്കുന്നെങ്കില്‍ നസീര്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും അവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാനും സി.പി.എമ്മും അവര്‍ നയിക്കുന്ന സര്‍ക്കാരും തയാറാകണം.
DoolNews Video