വിചാരണയ്ക്ക് പോലും കാത്ത് നില്‍ക്കാതെ വെടിവെച്ചുകൊന്നതെന്തിന്? ഏറ്റുമുട്ടല്‍ കൊലകളില്‍ വീണ്ടും ചര്‍ച്ചയായി സജ്ജനാര്‍ എന്ന പൊലീസ് കമ്മീഷണറുടെ സാന്നിധ്യം
national news
വിചാരണയ്ക്ക് പോലും കാത്ത് നില്‍ക്കാതെ വെടിവെച്ചുകൊന്നതെന്തിന്? ഏറ്റുമുട്ടല്‍ കൊലകളില്‍ വീണ്ടും ചര്‍ച്ചയായി സജ്ജനാര്‍ എന്ന പൊലീസ് കമ്മീഷണറുടെ സാന്നിധ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2019, 9:55 am

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും വെടിവെച്ചു കൊന്ന സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പ്രതികള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെങ്കിലും വിചാരണയ്ക്ക് പോലും കാത്ത് നില്‍ക്കാതെ പൊലീസ് സ്വീകരിച്ച നടപടി വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്‌.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടതെന്ന് കമ്മീഷണര്‍ വി.സി സജ്ജനാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

വി.സി സജ്ജനാര്‍

നേരത്തേയും ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളുടെ പേരില്‍ സജ്ജനാര്‍ നേരത്തേയും സംശയത്തിന്റെ നിഴലിലായിരുന്നു എന്നത് തെലങ്കാന സംഭവത്തിലും ദുരൂഹത ഉണര്‍ത്തുന്നുണ്ട്.

1996 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. നിലവില്‍ സൈബരാബാദ് പൊലീസ് കമ്മീഷറായ സജ്ജനാറിന് ഐ.ജിയുടെ റാങ്കാണുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2008 ല്‍ ആസിഡ് ആക്രമണകേസിലെ പ്രതികളായ മൂന്നുപേരെ പൊലീസ് വെടിവെച്ചു കൊല്ലുമ്പോള്‍ ഇദ്ദേഹം വാരംഗല്‍ പൊലീസ് കമ്മീഷണറായിരുന്നു. കേസില്‍ പ്രതികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരെയാണ് പൊലീസ് വെടിവെച്ചു കൊന്നത്.

മൂവരും കക്കാടിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചത്.

സംഭവത്തില്‍ അറസ്റ്റിലായ യുവാക്കളെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു.

മുന്‍ നക്‌സലൈറ്റും പിന്നീട് പൊലീസിന്റെ ഇന്‍ഫോര്‍മറുമായ നയീമുദ്ദീന്‍ എന്ന നയീമിനെ വെടിവെച്ചുകൊന്നതിന് പിന്നിലും സജ്ജനാറുടെ പങ്കില്‍ സംശയമുണര്‍ന്നിരുന്നു. 2016 ല്‍ നയീം കൊല്ലപ്പെടുമ്പോള്‍  നക്‌സല്‍ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ചിലെ ഐ.ജിയായിരുന്നു സജ്ജനാര്‍.

ആന്ധ്രപ്രദേശ് വിഭജനത്തിന് മുന്‍പ് സംസ്ഥാന പൊലീസ് സേനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ സജ്ജനാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിഭജനത്തിന് ശേഷം തെലങ്കാന കേഡറിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. തെലങ്കാനയിലെ മാവോയിസ്റ്റ്-നക്‌സല്‍ ബാധിത മേഖലകളില്‍ സജ്ജനാറിനാണ് ചുമതല.

WATCH THIS VIDEO: