കോടതി ഉത്തരവ് പാലിക്കാതിരിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണെന്ന് കോടതി പറഞ്ഞു.
‘പറയുന്നതില്‍ ഖേദമുണ്ട്, എന്നാല്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്തില്ലെങ്കില്‍ നടപടിയെടുക്കാതിരിക്കുക എന്നത് ഈ സംസ്ഥാനത്തിന്റെ ശീലമായി മാറിയിരിക്കുന്നു,’ ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
എണ്‍പത്തിരണ്ടുകാരനായ കൊവിഡ് രോഗിയെ ആശുപത്രിയില്‍നിന്ന് കാണാതായതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
പിതാവിനെ കാണാതായതിനെത്തുടര്‍ന്ന് മകന്‍ അലഹാബാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മേയ് ആറിന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കണമെന്ന് ഏപ്രില്‍ 25-ന് ഹൈക്കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു. ഇതിനെതിരേ യു.പി.സര്‍ക്കാരും എട്ടു ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നടക്കാന്‍ സാധിക്കാത്ത എണ്‍പത്തിണ്ടുകാരന്‍ എങ്ങോട്ടുപോകാനാണെന്ന് സുപ്രീംകോടതി ചോദിച്ചു. അദ്ദേഹം ജീവനോടെയുണ്ടെന്നതിന് തെളിവില്ലെന്ന് യു.പി. സര്‍ക്കാരിനുവേണ്ടി ഹാജരായ ഗരിമ പ്രസാദ് പറഞ്ഞു. മൃതദേഹം മറ്റു മൃതദേഹങ്ങള്‍ക്കൊപ്പം സംസ്‌കരിച്ചിട്ടുണ്ടാകാം. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു, നഴ്സുമാരെ പുറത്താക്കി. കോടതി നിര്‍ദേശിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും ഗരിമ പ്രസാദ് ചൂണ്ടിക്കാട്ടി.