World News
ഹെഡ്ഫോണുപയോഗം, ഉച്ചത്തില്‍ പാട്ട് കേള്‍ക്കല്‍; 100 കോടിയാളുകളുടെ കേള്‍വി ശക്തിയെ ബാധിക്കുമെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 17, 03:02 pm
Thursday, 17th November 2022, 8:32 pm

ലണ്ടന്‍: ഹെഡ്ഫോണുകളുടെയും ഇയര്‍ബഡുകളുടെയും ഉപയോഗവും വലിയ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതും മൂലം 100 കോടി യുവാക്കളുടെയും കൗമാരക്കാരുടെയും കേള്‍വി ശക്തിയെ ബാധിക്കുമെന്ന് പഠനം. ബി.എം.ജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുത്.

ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ) കണക്കനുസരിച്ച് നിലവില്‍ ലോകമെമ്പാടുമുള്ള 430 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കേള്‍വിശക്തി തകരാറിലാകുമെന്നും പഠനം പറയുന്നു. കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലുമാണ് സുരക്ഷിതമല്ലാത്ത ശ്രവണ സമ്പ്രദായങ്ങളുടെ വ്യാപനമുള്ളതെന്നും ഗവേഷകര്‍ പറഞ്ഞു.

സമീപ ഭാവിയില്‍ കേള്‍വി നഷ്ടപ്പെടാന്‍ സാധ്യതയുള്ള കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം 0.67 മുതല്‍ 1.35 ബില്യണ്‍ വരെയാണെന്ന് ഗവേഷകര്‍ കണക്കാക്കുന്നു.

യു.എസിലെ സൗത്ത് കരോലിനയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

33 പഠനങ്ങളും 35 റെക്കോര്‍ഡുകളില്‍ നിന്നുള്ള ഡാറ്റയും 19,046 സാമ്പിളുകളും ഉള്‍പ്പെടുന്നതാണ് റിസര്‍ച്ച്.
12 മുതല്‍ 34 വയസ് വരെ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ച പ്രസക്തമായ പഠനങ്ങള്‍ ഡാറ്റയായിട്ടാണ് റിസര്‍ച്ച് പൂര്‍ത്തികരിച്ചിട്ടുള്ളത്.

ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ ശ്രവണാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള നയങ്ങള്‍ക്ക് അടിയന്തിരമായി മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് പഠനം ആവശ്യപ്പെട്ടു.