സ്റ്റാൻ സ്വാമിയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അമേരിക്ക; തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു
national news
സ്റ്റാൻ സ്വാമിയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അമേരിക്ക; തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2024, 8:36 am

വാഷിങ്ണ്‍: ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവില്‍ കഴിയവേ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഇന്ത്യ സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധിസഭയില്‍ പ്രമേയം.

നിയമനിര്‍മാതാക്കളായ ജിം മക്ഗവര്‍ണും ആന്ദ്രെ കാര്‍സണും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. മനുഷ്യാവകാശ സംരക്ഷകരെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ഇവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമം പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും പ്രമേയത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള ലോകത്തെ എല്ലാ സര്‍ക്കാരിനോടും പറഞ്ഞുകൊണ്ടാണ് പ്രമേയം തുടങ്ങുന്നത്.

‘ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കാന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി തന്റെ ജീവിതം സമര്‍പ്പിച്ചു. തദ്ദേശീയരായ ആദിവാസി ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ നിരവധി സമുദായങ്ങളുടെ നീതിക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു,’ പ്രമേയത്തില്‍ പറഞ്ഞു.

കസ്റ്റഡിയിലായിരിക്കെ സ്റ്റാന്‍ സ്വാമി നിരന്തരം നീതി നിഷേധിക്കപ്പെട്ടതും അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം നല്‍കാതിരുന്നതും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും പ്രമേയത്തില്‍ കൂട്ടിച്ചേര്‍ത്തു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മഹത്തായ നന്മയ്ക്കുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത പ്രതിബദ്ധത ഒരിക്കലും മറക്കാനാകില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

2021 ജൂലൈ അഞ്ചിനാണ് സ്റ്റാന്‍ സ്വാമി തടവിലായിരിക്കെ മരണപ്പെട്ടത്.

2018ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ സ്റ്റാന്‍ സ്വാമിയടക്കം 15 പേര്‍ കുറ്റക്കാരാണെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. പിന്നീട് പൂനെ പൊലീസ് സ്റ്റാന്‍ സ്വാമി ഉള്‍പ്പടെയുള്ള ആളുകളുടെ വീട്ടില്‍ റെയ്ഡ് നടത്തി. തുടര്‍ന്ന് ഇവരുടെ ലാപ്‌ടോപ്പുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനും സര്‍ക്കാരിനെ അട്ടിമറിക്കാനും ഇവര്‍ പദ്ധതി ഇട്ടതിന് തെളിവ് ലഭിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ഇതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് നേതാക്കള്‍ക്ക് സ്റ്റാന്‍ സ്വാമി കത്തയച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ അവകാശവാദം. എന്നാല്‍ എന്‍.ഐ.എ അവകാശപ്പെട്ട തെളിവുകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യു.എസിലെ ഫോറന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടിലാണ് സ്റ്റാന്‍ സ്വാമിക്കെതിരെ എന്‍.ഐ.എ കണ്ടെത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.

Content Highlight: US urges India for independent probe into Father Stan Swamy’s death