തെല്‍ അവിവ്: അമേരിക്കയില്‍ നിന്നും പുതിയ യുദ്ധ സാമഗ്രികള്‍ സ്വന്തമാക്കാനൊരുങ്ങി ഇസ്രഈല്‍. തുരങ്കത്തിലൂടെ ആക്രമണം നടത്താന്‍ കഴിയുന്ന ബങ്കര്‍ ബോംബുകളാണ് ഇസ്രഈല്‍ വാങ്ങുന്നത്. യു.എസ് കോണ്‍ഗ്രസ് ഈ വില്‍പ്പന സംബന്ധിച്ച ബില്‍ പാസാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബില്‍ വന്നാല്‍ ഇസ്രഈലിനു ഈ ബോംബുകള്‍ വില്‍ക്കുന്നത് യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫന്‍സിന് പരിഗണിക്കേണ്ടി വരും.
‘ ആണവായുധ സായുധമായ ഇറാന്റെ ഭീഷണിയുള്‍പ്പെടെ നിരവധി ഭീഷണികള്‍ നേരിടാന്‍ ഞങ്ങളുടെ സഖ്യക്ഷിയായ ഇസ്രഈല്‍ സജ്ജരാണെന്ന് നമ്മള്‍ ഉറപ്പാക്കണം,’ കോണ്‍ഗ്രസ് അംഗം ജോഷ് ഗോത്‌ഹൈമര്‍ ചൊവ്വാഴ്ച ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ബ്രയന്‍ മാസ്റ്റ് ആണ് ബില്‍ കോ-സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ ആഴ്ച തന്നെ ബില്‍ പുറത്തിറക്കും.
ന്യൂക്ലിയര്‍ ബോംബിനെ വെല്ലുന്ന ബങ്കര്‍ ബസ്റ്റര്‍
അമേരിക്കന്‍ ആയുധപ്പുരയിലെ ഏറ്റവും വലിയ നോണ്‍ ന്യൂക്ലിയര്‍ ബോംബാണ് മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ ( എം.ഒ.പി) ബങ്കര്‍ ബസ്റ്റര്‍. ജി.പി.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ബോംബുകളുടെ വമ്പന്‍ ശേഖരണം അമേരിക്കന്‍ സേനയുടെ കൈവശം ഉണ്ട്. ഇവയുടെ പരീക്ഷണം പത്തു വര്‍ഷങ്ങള്‍ക്കു മുമ്പേ നടന്നതാണ്. മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്ന ഇരട്ടപ്പേരിലാണ് ഈ ബോംബുകള്‍ അറിയപ്പെടുന്നത്.
2017 ഏപ്രില്‍ 13 ന് അഫ്ഗാനിസ്താനിലെ ഐ.എസ് ഗ്രൂപ്പുകള്‍ക്ക് നേരെയാണ് ഈ ബോംബ് ആദ്യമായും അവസാനമായും പ്രയോഗിച്ചത്.
ആക്രമണത്തിന്റെ തീവ്രതയില്‍ ന്യൂക്ലിയാര്‍ ബോംബുകളേക്കാള്‍ വളരെ മുന്നിലാണ് എം.ഒ.പിയുടെ സ്ഥാനം.
ഭൂഗര്‍ഭ ആണവ നിലയങ്ങളെ തകര്‍ക്കാനായി സാധാരണ പ്രതലത്തില്‍ 200 അടി താഴ്ചയിലേക്കും കോണ്‍ക്രീറ്റ് പ്രതലത്തില്‍ 60 അടി താഴ്ചയിലേക്കും പോയി പൊട്ടിത്തറിക്കാനുള്ള കഴിവ് ഈ ബോംബുകള്‍ക്ക് ഉണ്ട്.
പ്രധാനമായും ഇറാന്റെ ആണവ നിലയങ്ങളെ ലക്ഷ്യം വെച്ചു തന്നെയാണ് ഇപ്പോഴത്തെ നീക്കം. യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചിരിക്കുന്ന ഇറാനിലെ ഫോര്‍ഡോ കോംപ്ലക്‌സ് എന്ന ആണവനിലയത്തിന് ഭീഷണിയാണ് ബങ്കര്‍ ബസ്റ്റര്‍.
കഴിഞ്ഞ വര്‍ഷമാണ് ഇവിടെ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചതായി അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി കണ്ടെത്തിയത്. 2015 ലെ അന്താരാഷ്ട്ര ആണവകരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം നടത്താന്‍ 2030 വരെ ഇറാന് വിലക്കുണ്ട്. എന്നാല്‍ അമേരിക്ക ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയതോടെയാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചത്.
ഇസ്രഈലിന്റെ എഫ് 35 യുദ്ധവിമാനങ്ങളുടെ ആധിപത്യം അവസാനിക്കുന്നു
ഇസ്രഈല്‍ സൈനിക മേഖലയിലെ പ്രധാന വജ്രായുധമായിരുന്ന എഫ് 35 ഫൈറ്റര്‍ ജെറ്റുകള്‍ സ്വന്തമാക്കുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായതിനു പിന്നാലെയാണ് പുതിയ പദ്ധതികള്‍. യു.എ.ഇക്ക് പുറമെ ഖത്തറും അമേരിക്കയില്‍ നിന്ന് ഈ ആയുധം വാങ്ങാന്‍ നീക്കം നടത്തുന്നുണ്ട്. ഖത്തറിന്റെ നീക്കം ഇസ്രഈല്‍ ഗൗരവമായി കാണുന്നുണ്ട്.
ഇന്നല്ലെങ്കില്‍ നാളെ ഖത്തര്‍ എഫ് 35 വിമാനങ്ങള്‍ സ്വന്തമാക്കുമെന്നാണ് ഇസ്രഈല്‍ ഊര്‍ജമന്ത്രി യുവല്‍ സ്റ്റെനിറ്റസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
‘ അവര്‍ക്കത് വേണമെന്നുണ്ടെങ്കില്‍, പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അവരത് സ്വന്തമാക്കുമെന്നതില്‍ എനിക്ക് സംശയമില്ല,’ മന്ത്രി പറഞ്ഞു.
അതേസമയം യു.എ.ഇ എഫ് 35 സ്വന്തമാക്കുന്നതിന് അമേരിക്കയുമായി ധാരണയിലെത്തിയിട്ടുണ്ട്.
എഫ് 35 യുദ്ധ വിമാനവും ഇസ്രഈല്‍ മേല്‍ക്കോയ്മയും
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റുകളായാണ് എഫ്-35 നെ കണക്കാക്കുന്നത്. ഇസ്രഈലിന് 16 എഫ് 35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ നിലവില്‍ ഇസ്രഈലിന് മാത്രമാണ് ഈ യുദ്ധ വിമാനം വാങ്ങാനായത്. ഇസ്രഈലിനു ഭീഷണിയാവുന്ന ആയുധ ഇടപാട് അറബ് രാജ്യങ്ങളുമായി നടത്തുന്നതിന് അമേരിക്കയ്ക്ക് തടസ്സമുണ്ട്. അമേരിക്കയും ഇസ്രഈലും തമ്മിലുള്ള പ്രത്യേക കരാര്‍ ആണ് ഇതിനു കാരണം.
1973 ലെ അറബ്-ഇസ്രഈല്‍ യുദ്ധത്തിനു ശേഷം ഇസ്രഈലിന്റെ അയല്‍ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനു മുമ്പ് ഇസ്രഈലിന് പ്രഥമ പരിഗണന നല്‍കുമെന്നും പശ്ചിമേഷ്യയിലെ ഇസ്രഈലിന്റെ സൈന്യത്തെ സംരക്ഷിക്കുമെന്നും യു.എസ് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നു. ഈ ധാരണ പ്രാബല്യത്തില്‍ വരുത്തിയിട്ടുമുണ്ട്. അതേസമയം ഇസ്രഈലിന് യഥാര്‍ത്ഥത്തില്‍ വില്‍പ്പന തടയാന്‍ കഴിയില്ലെങ്കിലും വില്‍പ്പനയെ എതിര്‍ക്കാന്‍ പറ്റും.
യു.എ.ഇ വര്‍ഷങ്ങളായി ഈ യുദ്ധ വിമാനം സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം മാത്രമാണ് അമേരിക്ക എഫ് 35 ജെറ്റുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ തയ്യാറായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക