വാഷിങ്ടണ്‍: ഇസ്രഇലിന് യു.എസ് ആയുധങ്ങള്‍ കൈമാറുന്നത് തുടരണോ വേണ്ടയോ എന്നാവശ്യപ്പെട്ട് സെനറ്റില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. സെനറ്റിലെ 18 അംഗങ്ങള്‍ മാത്രമാണ് ആയുധ വില്‍പ്പന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. 78 പേര്‍ ബില്ലിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. ഇതോടെ ബില്‍ പരാജയപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രമേയങ്ങള്‍ കൂടി സെനറ്റില്‍ പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം യു.എസ് സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്‌സണാണ് ഇസ്രഈലിന് 20 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ നല്‍കാനുള്ള പെന്റഗണിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്.
ജോയിന്റ് റെസൊല്യൂഷന്‍ ഡിസപ്പ്രൂവല്‍(ജെ.ആര്‍.ഡി) എന്ന പേരിലറിയപ്പെടുന്ന പ്രമേയത്തില്‍ ഓരോ ആയുധങ്ങള്‍ അയക്കുന്നതിനുമെതിരെ വ്യത്യസ്തമായ പ്രമേയങ്ങള്‍ ഉണ്ടാക്കിയിരുന്നു. 100ലധികം പൗരാവകാശപ്രവര്‍ത്തകര്‍, രാഷ്ട്രീയ അഭിഭാഷകര്‍, യുദ്ധവിരുദ്ധ സംഘടനകള്‍ എന്നിവര്‍ ജെ.ആര്‍.ഡികളെ പിന്തുണച്ച് ഒരു കത്തില്‍ ഒപ്പുവച്ചിരുന്നു.
ഇതാദ്യമായാണ് ഇസ്രഈലിലെ ആയുധവില്‍പ്പനയുമായി ബന്ധപ്പെട്ട ഒരു പ്രമേയം യു.എസ് സെനറ്റില്‍ അവതരിപ്പിക്കുന്നത്. ബെര്‍ണി സാന്‍ഡേഴ്‌സണ് പുറമെ ജെഫ് മെര്‍ക്ക്‌ലി, ബ്രയാന്‍ ഷാറ്റ്‌സ്, എലിസബത്ത് വാറന്‍, പീറ്റര്‍ വെല്‍ച്ച്, ക്രിസ് വാന്‍ ഹോളന്‍ എന്നീ അഞ്ച് സെനറ്റര്‍മാര്‍ നേരെത്തെ തന്നെ പ്രമേയത്തിന് പിന്തുണ അറിയിച്ചിരുന്നു.
എന്നാല്‍ പ്രമേയത്തിനെ ശക്തമായി എതിര്‍ക്കുമെന്ന് സെനറ്ററായ ചക്ക് ഷുമര്‍ സെനറ്റ ഫ്‌ളോറില്‍ നേരത്തെതന്നെ പറഞ്ഞിരുന്നു.
‘ഇന്ന് മാത്രമല്ല, എല്ലാകാലത്തും ഇസ്രഈലിന് സ്വയം സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഇസ്രഈലിന്റെ ശത്രുക്കളെ പ്രതിരോധിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുകയെന്നത് അമേരിക്കന്‍ നയങ്ങളുടെ അടിസ്ഥാനമാണ്. അതിനാല്‍ ആ നയത്തില്‍ നിന്ന് വ്യതിചലിക്കരുത്,’ ഷൂമര്‍ പറഞ്ഞു.
ഗസയ്ക്കെതിരായ ഇസ്രഈലിന്റെ വംശഹത്യയില്‍ ബൈഡന്‍ ഭരണകൂടം കോടിക്കണക്കിന് ഡോളര്‍ ആയുധങ്ങള്‍ വിതരണം ചെയ്ത് ഒരു വര്‍ഷത്തിനുശേഷമാണ് പുതിയ നടപടി.
ആയുധങ്ങള്‍ അയക്കാന്‍ സെനറ്റ് അംഗീകരം നല്‍കിയതോടെ 120 എം.എം ടാങ്ക് റൗണ്ടുകള്‍, ഉയര്‍ന്ന സ്‌ഫോടനാത്മക മോര്‍ട്ടാര്‍ റൗണ്ടുകള്‍, എഫ്-15ഐ.എ യുദ്ധവിമാനങ്ങള്‍, ജെ.ഡി.എ.എം എന്നറിയപ്പെടുന്ന നേരിട്ടുള്ള ആക്രമണ ആയുധങ്ങള്‍ എന്നിവ ഇസ്രഈലിന് നല്‍കപ്പെടും.
Content Highlight: US Senate rejects bill which stops weapons for Israel over Gaza deaths