88 മില്യണ്‍ ഫോളോവേഴ്‌സാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ തന്റെ പരാജയത്തിന് കാരണം വോട്ടിങ്ങ് തട്ടിപ്പാണെന്നും തന്റെ പാര്‍ട്ടി അണികളും അനുയായികളും കാപിറ്റോളിലെത്തി പ്രതിഷേധിക്കണമെന്നും ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്താല്‍ ട്രംപിന്റെ അക്കൗണ്ട് തിരിച്ച് കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മസ്‌കിന്റെ ഉടമസ്ഥതയിലാകുന്നതോടെ പൊതുസംരംഭം എന്ന നിലയില്‍ നിന്ന് ട്വിറ്റര്‍ സ്വകാര്യ കമ്പനിയായി മാറും. നേരത്തെ ട്വിറ്ററില്‍ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു കമ്പനി വാങ്ങാനുള്ള മസ്‌കിന്റെ നീക്കം.
എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം നല്‍കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തു. ‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍.
പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്‌സ് ആക്കി വിശ്വാസം വര്‍ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവര്‍ക്കും ആധികാരികത നല്‍കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ട്വിറ്ററിന് അനന്തമായ സാധ്യതകളുണ്ട്. അത് അണ്‍ലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മസ്‌ക് ട്വീറ്റ് ചെയ്തു.
”ട്വിറ്ററിന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ട്. ഞങ്ങളുടെ ടീമിനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ഇതുവരെയുണ്ടായ പ്രധാന്യമായ കാര്യങ്ങളെക്കാള്‍ ഇപ്പോഴുണ്ടായത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുണ്ട്,” ട്വിറ്ററിന്റെ സി.ഇ.ഒ പരാഗ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.