വാഷിങ്ടണ്‍: യു.എസ് പൊലീസിന്റെ അതിക്രമങ്ങളുടെ ഫലമായി കൊല്ലപ്പെട്ടവരുടെ എണ്ണം പത്ത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്.
2022ല്‍ യു.എസ് പൊലീസ് വിവിധ സാഹചര്യങ്ങളിലായി 1,192 പേരെയാണ് കൊലപ്പെടുത്തിയതെന്നാണ് മാപ്പിങ് പൊലീസ് വയലന്‍സ് എന്ന വെബ്സൈറ്റ് പുറത്തുവിട്ട കണക്ക്.
കൊല്ലപ്പെട്ടവരില്‍ 26 ശതമാനവും കറുത്തവംശജരാണെന്നും, 2017ന് ശേഷം ട്രാഫിക് പരിശോധനകളില്‍ മാത്രം യു.എസ് പൊലീസ് 600 ഓളം പേരെയാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മാപ്പിങ് പൊലീസ് വയലന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് യു.എസില്‍ 2020 മുതല്‍ പൊലീസ് അതിക്രമങ്ങളാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
2021ല്‍ യു.എസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളാല്‍ 1,147 കൊലപാതകങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 66 പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുജനങ്ങള്‍ക്കിടയില്‍ തോക്കിന്റെ ഉപയോഗം വ്യാപകമായതും പൊലീസിന്റെ സ്വകാര്യവല്‍കരണവുമാണ് സേനയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2013 മുതല്‍ 2022 വരെ യു.എസില്‍ 11,205 പേര്‍ കൊല്ലപ്പെട്ടതില്‍ 92 ശതമാനം ആളുകളും വെടിയേറ്റാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം കറുത്ത വംശജനായ യുവാവിനെ യു.എസ് പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അമേരിക്കന്‍ നഗരങ്ങളിലെമ്പാടും പൊലീസിന്റെ വംശീയ ആക്രമണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.
ടെന്നീസിയിലെ മെംഫിസില്‍ ടയര്‍ നിക്കോള്‍സ് എന്ന ഇരുപത്തൊമ്പതുകാരനെ പൊലീസ് കൊലപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നത്.
ജനുവരി ഏഴിന് ട്രാഫിക് ലംഘനം ആരോപിച്ചാണ് നിക്കോള്‍സിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പൊലീസുകാരില്‍ നിന്ന വെടിയുമേറ്റ നിക്കോള്‍സ് മൂന്ന് ദിവസത്തിന് ശേഷം ജനുവരി പത്തിന് മരണപ്പെടുകയായിരുന്നു.
യുവാവിന്റെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിക്കുന്നതും മുഖത്തുള്‍പ്പെടെ ബൂട്ടിട്ട് ചവിട്ടുന്നതുമായ ഒരു മണിക്കൂറുള്ള നാല് വീഡിയോകളാണ് പുറത്തുവന്നത്.
ടയര്‍ നിക്കോള്‍സ് അമ്മയെ വിളിച്ചു കരയുന്നതും രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ മെംഫിസിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.