സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് അവകാശപ്പെട്ട ട്രംപ്, ഹിലറിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്റണ്‍ 12 വയസുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. ട്രംപിന്റെ വിഡിയോ ടേപ്പ് രാജ്യത്തിന്റെയാകെ പ്രതിച്ഛായ മോശമാക്കിയെന്ന് ഹിലറി തുറന്നടിച്ചു.
സെന്റ് ലൂയി: ഡൊണാള്‍ഡ് ട്രംപിന്റെ വിവാദവിഡിയോ പ്രധാനചര്‍ച്ചയാക്കി യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാര്‍ഥി സംവാദം.
സ്ത്രീകളെക്കുറിച്ചുള്ള അശ്ലീലപരാമര്‍ശത്തിന് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് അവകാശപ്പെട്ട ട്രംപ്, ഹിലറിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്റണ്‍ 12 വയസുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. ട്രംപിന്റെ വിഡിയോ ടേപ്പ് രാജ്യത്തിന്റെയാകെ പ്രതിച്ഛായ മോശമാക്കിയെന്ന് ഹിലറി തുറന്നടിച്ചു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവ് ദ വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രമാണ് പുറത്തുവിട്ടത്.
വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റ് വെള്ളിയാഴ്ച പുറത്തുവിടുകയായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ട്രംപ് സ്ത്രീയെ പ്രലോഭിക്കുന്ന പരാമര്‍ശങ്ങള്‍ 2005ല്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോയിലുണ്ടെന്ന് പത്രം വ്യക്തമാക്കുന്നു.
തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാല്‍ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന ആളാണ് ട്രംപ് എന്ന് അദ്ദേഹം നടത്തിയിട്ടുള്ള ചില പ്രസ്താവനകള്‍ വഴി ബോധ്യപ്പെട്ടിരുന്നു. എന്നാല്‍, വിഡിയോ കൂടി പുറത്തു വന്നതോടെ ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് വെട്ടിലായത്.
വിഡിയോ പുറത്തു വന്നതിന് പിന്നാലെ ട്രംപിനെതിരെ ശക്തമായ പ്രതികരണവുമായി തെരഞ്ഞെടുപ്പിലെ എതിരാളിയും ഡൊമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ഹിലരി ക്ലിന്റണ്‍ രംഗത്തെത്തിയിരുന്നു. ശബ്ദരേഖയിലെ പരാമര്‍ശങ്ങളെ ഭയപ്പെടുത്തുന്നത് എന്ന് വിശേഷിപ്പിച്ച ഹിലരി ഇത്തരമൊരാളെ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റും ചെയ്തിരുന്നു.
ശക്തമായ പ്രതികരണവുമായി ഹിലരി രംഗത്തെത്തിയതിന് പിന്നാലെ സംഭവത്തില്‍ ട്രംപ് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി ട്രംപ് പറഞ്ഞു. തെറ്റുപറ്റാത്ത പൂര്‍ണതയുളള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.