കൊല്ലം: കൊല്ലത്ത് നിന്നും കാനഡയിലേക്കുള്ള മനുഷ്യക്കടത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ നാവികസേന പിടികൂടി. കേരളത്തില്‍ നിന്നും വാങ്ങിയ ബോട്ടാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചത്.
കൊല്ലം, കുളത്തൂപ്പുഴ സ്വദേശിനി ഈശ്വരിയുടെ പേരില്‍ ആറ് മാസം മുന്‍പ് വാങ്ങിയ ബോട്ടാണ് മനുഷ്യക്കടത്തിനായി ഉപയോഗിച്ചത്. 59 ശ്രീലങ്കന്‍ തമിഴ് സ്വദേശികളുമായി യാത്ര ചെയ്യവെയാണ് മാലിദ്വീപിനും മൗറീഷ്യസിനും ഇടയില്‍ വെച്ചാണ് അമേരിക്കന്‍ നാവികസേനയുടെ പിടിയിലായത്.
ബോട്ടിലുള്ള ആര്‍ക്കും തന്നെ യാത്രയ്ക്കുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അമേരിക്കന്‍ നാവികസേന ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കൊല്ലത്തെ നീണ്ടകര ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ബോട്ടാണ് എന്ന് വ്യക്തമായി.
തമിഴ്‌നാട്ടിലെ അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും ഒളിച്ചോടിയവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം കുളച്ചലില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് കാണാതായിരുന്നു. ഈ ബോട്ടാണ് മാലിദ്വീപിനും മൗറീഷ്യസിനും ഇടയിലുള്ള ഡിയാഗോ ഗാര്‍സിയ ദ്വീപില്‍ വെച്ച് അമേരിക്കന്‍ നാവികസേനയുടെ പിടിയിലായത്.
ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടും ആളുകളെയും മാലിദ്വീപ് നാവികസേനയ്ക്ക് കൈമാറി. മാലിദ്വീപാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്.
മധുരയിലെയും തിരുച്ചിറപ്പള്ളിയിലേയും അഭയാര്‍ത്ഥി ക്യാംപുകളില്‍ നിന്നും കാണാതായ 59 പേരാണ് ബോട്ടിലണ്ടായിരുന്നതെന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചു.
കൊല്ലം സ്വദേശിനി ഈശ്വരിയുടെ പേരിലാണ് ബോട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആറ് മാസം മുന്‍പാണ് നീണ്ടകര സ്വദേശി ഷെരീഫില്‍ നിന്നും ഇവര്‍ ബോട്ട് വാങ്ങിയത്. രാമേശ്വരത്തുള്ള ബന്ധുവിനാണെന്ന് പറഞ്ഞാണ് ഷെരീഫില്‍ നിന്നും ഈശ്വരി ബോട്ട് വാങ്ങിയത്.
കേരളത്തിന് പുറത്തേക്ക് ഇത്തരത്തില്‍ ബോട്ടുകള്‍ വില്‍ക്കാന്‍ നിയമതടസ്സമുള്ളതിനാല്‍ ഈശ്വരിയെ ഇടനിലക്കാരിയാക്കി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കേന്ദ്ര ഏജന്‍സികളും തമിഴ്‌നാട് ക്യൂബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012ലും ഇത്തരത്തില്‍ സമാനമായ രീതിയില്‍ മനുഷ്യക്കടത്ത് നടന്നിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.