Advertisement
World News
പനാമയില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി; നിരസിച്ച് പനാമ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 11, 01:00 am
Friday, 11th April 2025, 6:30 am

പനാമ സിറ്റി: പനാമയില്‍ യു.എസ് സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിര്‍ദ്ദേശത്തെ തള്ളി പനാമ സര്‍ക്കാര്‍.

പനാമ സിറ്റിയില്‍ നടന്ന സെന്‍ട്രല്‍ അമേരിക്കന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തിനിടയാണ് പനാമയില്‍ പരോക്ഷമായി ആധിപത്യം സ്ഥാപിക്കാനുള്ള യു.എസിന്റെ ആഗ്രഹം പീറ്റ് ഹെഗ്‌സെ പ്രകടിപ്പിച്ചത്. പനാമ സര്‍ക്കാരിന്റെ സമ്മതത്തോടെ മാത്രമേ സൈന്യത്തെ വിന്യാസിക്കൂ എന്നും ഹെഗ്സെത്ത് കൂട്ടിച്ചേര്‍ത്തു.

വേണമെങ്കില്‍ പനാമയുടെ സായുധ സേനയ്ക്കും അമേരിക്കയുടെ സൈന്യത്തിനും പനാമ കനാല്‍ മാറി മാറി നിയന്ത്രിക്കാമെന്നും ഹെഗ്സെത്ത് നിര്‍ദേശം മുന്നോട്ട് വെച്ചെങ്കിലും പനാമ സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു. ഇതോടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് കനാലിലൂടെ സ്വതന്ത്രമായി കടന്നുപോകാന്‍ അവസരം നല്‍കണമെന്ന് ഹെഗ്സെത്ത് ആവശ്യപ്പെട്ടു.

എന്നാല്‍ അമേരിക്കയുടെ സൈനിക താവളങ്ങളോ പ്രതിരോധ കേന്ദ്രങ്ങളോ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പനാമ പ്രസിഡന്റ് ജോസ് റൗല്‍ മുലിനോ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേം ആരംഭിച്ചതുമുതല്‍ അമേരിക്കയും പനാമയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. പനാമ കനാലിന്മേലുള്ള അമേരിക്കന്‍ നിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ട്രംപ് ഭരണകൂടം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

പനാമയുമായുള്ള തങ്ങളുടെ കരാറിന്റെ ഉദ്ദേശ്യവും ഉടമ്പടിയും പൂര്‍ണമായും ലംഘിക്കപ്പെട്ടെന്നും കനാലില്‍വെച്ച് അമേരിക്കന്‍ കപ്പലുകള്‍ക്ക് അമിതമായി ചാര്‍ജ്ജ് ഈടാക്കുന്നതായും ട്രംപ് വിമര്‍ശിച്ചിരുന്നു. എല്ലാറ്റിനുമുപരിയായി, ചൈന പനാമ കനാലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങള്‍ കനാല്‍ പനാമയ്ക്കാണ് നല്‍കയതെന്നും പറഞ്ഞ ട്രംപ് അത് ഉടന്‍ തിരിച്ചെടുക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം  പ്രഖ്യാപിച്ചിരുന്നു.

ഇതേ അവകാശവാദം പീറ്റ് ഹെഗ്സെത്തും ആവര്‍ത്തിച്ചു. ലാറ്റിനമേരിക്കയിലെ ഭൂമി ചൈന പിടിച്ചെടുക്കുകയും സൈനിക സാന്നിധ്യം ഉപയോഗിച്ച് മേഖലയെ  ഭീഷണിപ്പെടുത്തുന്നതായും ഹെഗ്സെത്തും പറയുകയുണ്ടായി.

പനാമ കനാല്‍ പിടിച്ചെടുക്കുമെന്ന് ഇതിന് മുമ്പും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലം അടുത്തപ്പോള്‍ പനാമ കനാലിലേക്ക് വെള്ളം എത്തിക്കുന്ന ഗെതുന്‍ തടാകത്തിലെ ജലലഭ്യത കുറഞ്ഞതോടെ ജനുവരി മുതല്‍ കനാല്‍ വഴിയുള്ള ഷിപ്പിങ്ങ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ പനാമ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ഇതോടെ കനാലിന്റെ സഖ്യകക്ഷിയായ യു.എസിന് കനാല്‍ തിരികെ നല്‍കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കനാലിന്റെ നിര്‍മാണത്തില്‍ 38,000 അമേരിക്കകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

1903 മുതല്‍ 1979 വരെ പനാമ കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്കായിരുന്നു. അമേരിക്കയുടെ നിയന്ത്രണം ഒഴിവാക്കാന്‍ പനാമയില്‍ അമേരിക്കക്കെതിരെ നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധങ്ങളില്‍ പനാമയിലെ നിരവധി സാധാരണക്കാര്‍ യു.എസ് സൈനികരാല്‍ കൊല്ലപ്പെട്ടു.

1979ല്‍ യു.എസ്, കനാല്‍ പനാമയ്ക്ക് തിരികെ നല്‍കിയെങ്കിലും 1985ല്‍ അമേരിക്ക പനാമയെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 500ലധികം പനാമക്കാര്‍ കൊല്ലപ്പെട്ടു.ഒടുവില്‍ 1999ലാണ് അമേരിക്ക കനാലിന്റെ പൂര്‍ണ നിയന്ത്രണം പനാമയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത് തിരിച്ച് പിടിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ആഗ്രഹം.

Content Highlight: US Defense Secretary expresses desire to establish military bases in Panama; Panama government rejects