വാഷിങ്ടൺ: സൈനിക സഹായത്തിനുള്ള കോൺഗ്രഷണൽ അതോറിറ്റിയെ മറികടന്ന് ഗസയിൽ യുദ്ധം നടത്താൻ ഇസ്രഈലിന് 106.5 മില്യൺ ഡോളറിന്റെ ആയുധ വില്പനക്ക് അടിയന്തര അനുമതി നൽകി ബൈഡൻ ഭരണകൂടം.
ഇസ്രഈലിന് ടാങ്ക് ഷെല്ലുകളുടെ വില്പന നടത്തേണ്ട അടിയന്തര സാഹചര്യം നിലനിൽക്കുന്നു എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞതിന് പിന്നാലെയാണ് തീരുമാനമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. യു.എസിന്റെ ദേശീയ സുരക്ഷാ താത്പര്യം സംരക്ഷിക്കുന്നതിനാണ് തീരുമാനം എന്നും യു.എസ് ഡിപ്പാർട്ട്മെന്റ് പറയുന്നു.
കോൺഗ്രഷനൽ അതോറിറ്റിയെ മറികടന്ന് ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകുന്നത് വളരെ അപൂർവ്വമാണ്. അതോറിറ്റിയുടെ അംഗീകാരത്തിന് കാത്തുനിൽക്കാൻ സാധിക്കാത്ത അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് എക്‌സിക്യൂട്ടീവ് വിഭാഗം തീരുമാനമെടുക്കുക.
14,000 തീവ്ര സ്ഫോടകശേഷിയുള്ള എം380 ടാങ്കുകളാണ് ഇസ്രഈലുമായുള്ള ഇടപാടിൽ വിൽപ്പന നടത്തുന്നത്.
‘ ഇസ്രഈലിന്റെ സുരക്ഷയിൽ യു.എസ് പ്രതിജ്ഞാബദ്ധരാണ്. ശക്തവും സജ്ജവുമായ സ്വയം പ്രതിരോധശേഷി കൈവരിക്കാൻ ഇസ്രഈലിനെ സഹായിക്കുന്നത് യു.എസിന്റെ ദേശീയ താൽപര്യത്തിന്റെ ഭാഗമാണ്. ഈ വിൽപ്പന ഈ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്,’ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഇസ്രഈലിനുള്ള 14.3 ബില്യൺ ഡോളർ ഉൾപ്പെടെ 16 ബില്യൺ ഡോളറിന്റെ സുരക്ഷാ അനുബന്ധ ചെലവുകൾക്ക് കോൺഗ്രസിന്റെ അംഗീകാരം നേടാൻ ബൈഡൻ ഭരണകൂടം പ്രയാസപ്പെടുന്നതിനിടയിലാണ് അടിയന്തര അംഗീകാരം. കഴിഞ്ഞ മാസം 14.5 ബില്യണിന്റെ സഹായം യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്നെങ്കിലും ഇസ്രഈലിനും ഉക്രൈനുമുള്ള ഫണ്ടിങ് ഒരുമിച്ച് നൽകണം എന്നായിരുന്നു ആവശ്യം.
യുദ്ധം വിജയിക്കുന്നതിന് കൃത്യമായ തന്ത്രങ്ങൾ ഒന്നുമില്ലാതെ റഷ്യയുമായുള്ള ഉക്രൈൻ യുദ്ധം യു.എസ് ദീർഘിപ്പിക്കുകയാണ് എന്ന് ആരോപിച്ച് ഉക്രൈനുള്ള അധികസഹായത്തിന് അനുമതി നൽകുന്നത് റിപ്പബ്ലിക്കൻ എം.പിമാർ തടഞ്ഞുവെച്ചിരുന്നു.
ഗസയിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നത് ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊണ്ടതിന് ശേഷമേ ഇസ്രഈലിന് സൈനിക സഹായം നൽകാവൂ എന്ന് ഡെമോക്രാറ്റിക് എം.പിമാരും നിർദ്ദേശിച്ചിരുന്നു.
ഒക്ടോബർ 7 മുതൽ ഗസയിൽ 18,000ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
Content Highlight: US approves emergency arms sale to Israel bypassing Congress