Kerala News
ഇന്ത്യന്‍ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 26, 04:57 am
Saturday, 26th April 2025, 10:27 am

കോഴിക്കോട്: ഇന്ത്യന്‍ ചരിത്രകാരനും അധ്യാപകനുമായ പ്രൊഫ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ ആസുഖങ്ങളെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എം.ജി.എസ് നാരായണന്‍ 1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലാണ് ജനിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം.

പിന്നീട് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാകനായി ജോലിചെയ്തു. 1973ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. 1992ല്‍ വിരമിക്കുന്നതുവരെ കാലിക്കറ്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവന്‍ കൂടിയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുരാതന ഇന്ത്യന്‍ ചരിത്രത്തിലെ ഒരു സ്‌പെഷ്യലിസ്റ്റ് കൂടിയാണ് എം.ജി.എസ് നാരായണന്‍.

പെരുമാള്‍സ് ഓഫ് കേരള (1972) എം.ജി.എസിന്റെ മാസ്റ്റര്‍പീസ് എന്ന് വിളിക്കപ്പെടുന്ന ഒന്നാണ്. കേരള ചരിത്രത്തിന്റെ ഒരു നാഴികക്കല്ലായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഇന്ത്യന്‍ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങള്‍, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും എന്നിവയാണ് എം.ജി.എസിന്റെ മറ്റു പ്രധാന ഗ്രന്ഥങ്ങള്‍.

2018 ഏപ്രിലില്‍ എം.ജി.എസ് തന്റെ സ്വകാര്യ ലൈബ്രറി കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര വകുപ്പിന് കൈമാറിയിരുന്നു. 2018 ഡിസംബറില്‍ എം.ജി.എസിന്റെ ആത്മകഥ കറന്റ് ബുക്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

പലതവണകളിലായി 1974 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ നിര്‍വാഹക സമിതി അംഗമായ അദ്ദേഹം 1983-85 കാലഘട്ടത്തില്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlight: Indian historian M.G.S. Narayanan passed away