വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലിരിക്കെ ഇസ്രഈലിന് വീണ്ടും യു.എസ് സഹായം. ഇസ്രഈലിന് 7.41 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി.
6.75 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുദ്ധോപകരണങ്ങളാണ് യു.എസ് ഇസ്രഈലിന് കൈമാറുക. ഇതില്‍ AGM-114 ഹെല്‍ഫയര്‍ മിസൈലുകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന കിറ്റുകളും ഫ്യൂസുകളും ഉള്‍പ്പെടെയാണ് യു.എസ് ഇസ്രഈലിന് നല്‍കുക. സൈനിക സഹായം സംബന്ധിച്ചുള്ള വിവരങ്ങള്‍ യു.എസ് കോണ്‍ഗ്രസിന് പെന്റഗണ്‍ കൈമാറിയതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗസക്കെതിരായ യുദ്ധത്തിന്റെ ആദ്യവര്‍ഷം മാത്രം ധനസഹായത്തിനായി ബൈഡന്‍ ഭരണകൂടം ഇസ്രഈലിന് 17.9 ബില്യണ്‍ ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിന്നാലെ ഇസ്രഈല്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് തടയാന്‍ 20 യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബൈഡനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍, ഗസയെ യു.എസ് ഏറ്റെടുക്കുമെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചിരുന്നു.
ഗസയില്‍ നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ഗസ വാസയോഗ്യമായ ഇടമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ സൗദി അറേബ്യയില്‍ ഫലസ്തീനികള്‍ക്കായി സൗദികള്‍ക്ക് ഒരു രാഷ്ട്രം രൂപീകരിക്കാന്‍ കഴിയുമെന്ന് നെതന്യാഹു പ്രസ്താവന നടത്തിയിരുന്നു.
എന്നാല്‍ ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രം ഉണ്ടാകുന്നത് വരെ ഇസ്രഈലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
ഇന്ന് (ശനി) വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രഈലി ബന്ദികളെ ഹമാസും പകരമായി 183 ഫലസ്തീന്‍ ബന്ദികളെ ഇസ്രഈലും വിട്ടയച്ചു. അടുത്ത ഘട്ടത്തില്‍ ബന്ദികളെ സ്വകാര്യമായി കൈമാറണമെന്ന നിര്‍ദേശം അന്താരാഷ്ട്ര റെഡ് ക്രോസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ബന്ദികൈമാറ്റത്തിനിടെ മറ്റു പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ബന്ദികളുടെ സുരക്ഷ ഉറപ്പ് വരുത്താനും ഇത് സഹായിക്കുമെന്നാണ് റെഡ് ക്രോസിന്റെ ഭാഗം.
Content Highlight: US approves $7.41 billion in military aid to Israel despite ceasefire