Entertainment
ഇത്രയും കാലിബറുള്ള നടനായിരുന്നോ അദ്ദേഹം; ഇന്നത്തെ തലമുറയോട് ബഹുമാനം തോന്നുന്നു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 09, 07:56 am
Saturday, 9th November 2024, 1:26 pm

സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. നിരവധി മലയാള സിനിമകളുടെ ഭാഗമായ അദ്ദേഹം ഹാസ്യ നടനായാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

ഇന്ദ്രന്‍സിനെ കോസ്റ്റ്യൂമറായി മാത്രമാണ് ആദ്യം കണ്ടിട്ടുള്ളതെന്ന് പറയുകയാണ് ഉര്‍വശി. പിന്നീടാണ് ചില സിനിമകളില്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നത് കാണുന്നതെന്നും നടി പറയുന്നു. എന്നാല്‍ ഇന്നത്തെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ ഇത്രയും കാലിബറുള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

പണ്ട് സിനിമയില്‍ ഒരു ഇമേജില്‍ പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണമായിരുന്നെന്നും ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ സംവിധാനങ്ങളോടുമൊക്കെ തനിക്ക് ഇപ്പോള്‍ ബഹുമാനം തോന്നുന്നുമെന്നും നടി പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഇന്ദ്രന്‍സ് ചേട്ടനെ കോസ്റ്റ്യൂമറായി മാത്രമാണ് ആദ്യം കണ്ടിട്ടുള്ളത്. പിന്നെ അതില്‍ നിന്ന് മാറി അദ്ദേഹം എന്റെ കൂടെ ചില സിനിമകളില്‍ കോമഡി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊക്കെ കഴിഞ്ഞ് ഇന്ന് ആലോചിക്കുമ്പോള്‍ ഇത്രയും കാലിബറുള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ എനിക്ക് ഇപ്പോള്‍ ബഹുമാനം തോന്നുകയാണ്. ആ നടനെ വേറെയൊരു ഡയമന്‍ഷനില്‍ കാണാന്‍ പറ്റുന്നുണ്ടല്ലോ. ഈ ജനറേഷന് സുരാജിനെയും ഇന്ദ്രന്‍സ് ചേട്ടനെയും അങ്ങനെ കാണാന്‍ സാധിക്കുന്നുണ്ടല്ലോ. പണ്ടായിരുന്നെങ്കില്‍ ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണം,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About Indrans And Malayalam Cinema